ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശയാത്രിക നമീറ സലിം
ചാന്ദ്രയാൻ 2 ദൗത്യം ദക്ഷിണേഷ്യയിലെ വലിയ കുതിച്ചുചാട്ടമാണെന്ന് നമീറ പറഞ്ഞു
ഐഎസ്ആർഒയെ അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യ വനിതാ ബഹിരാകാശയാത്രിക നമീറ സലിം. ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയുമാണ് നമീറ സലിം അഭിനന്ദിച്ചത്. കറാച്ചി ആസ്ഥാനമായുള്ള സയൻസ് മാഗസിൻ സയന്റിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നമീറ ഐഎസ്ആർഒയെ അഭിനന്ദിച്ചത് രംഗത്തെത്തിയത്.
ചാന്ദ്രയാൻ 2 ദൗത്യം ദക്ഷിണേഷ്യയിലെ വലിയ കുതിച്ചുചാട്ടമാണെന്ന് നമീറ പറഞ്ഞു. ദക്ഷിണേഷ്യയിലെ ബഹിരാകാശ മേഖലയിലെ സംഭവവികാസങ്ങൾ ശ്രദ്ധേയമാണ്. ബഹിരാകാശത്ത് ഏത് രാജ്യം മുന്നിട്ടുനിൽക്കുന്നു എന്നത് പ്രശ്‌നമല്ലെന്നും ബഹിരാകാശത്ത് എല്ലാ രാഷ്ട്രീയ അതിരുകളും അലിഞ്ഞില്ലാതാകുന്നുവെന്നും നമീറ കൂട്ടിച്ചേർത്തു. വിർജിൻ ഗാലക്റ്റിക്കിൽ ബഹിരാകാശത്തേക്ക് പോയ ആദ്യത്തെ പാകിസ്താനിയാണ് നമീറ.
ഇന്ത്യയുടെ ചാന്ദ്രയാൻ 2 ദൗത്യം സോഫ്റ്റ് ലാൻഡിങ് നടത്തുന്നതിന് തൊട്ടുമുൻപ് ആശയവിനിമയം നഷ്ടമായതിനെ പരിഹസിച്ച് പാക് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ഫവാദ് ഹുസൈനെതിരെ വൻ ട്രോളുകളും സോഷ്യൽമീഡിയയിൽ നിറഞ്ഞിരുന്നു.