പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്ന് രമേശ് ചെന്നിത്തല

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് 12 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന നിരാഹാര സമരത്തോട് സർക്കാർ മുഖം തിരിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

0

പിഎസ്‌സി പരീക്ഷകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും എഴുതാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് 12 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടക്കുന്ന നിരാഹാര സമരത്തോട് സർക്കാർ മുഖം തിരിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

സംസ്ഥാനം രൂപീകരിച്ച് 63 വർഷം കഴിഞ്ഞിട്ടും മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുന്നത് ഒരു ജനതയുടെ ഗതികേടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാംസ്‌കാരിക ലോകം മുന്നോട്ട് വയ്ക്കുന്ന ഈ ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കണം. ഇക്കാര്യത്തിൽ സാംസ്‌കാരിക സമൂഹം ഉന്നയിക്കുന്ന ആവശ്യത്തിനൊപ്പമാണ് പ്രതിപക്ഷമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്

പി എസ് സി പരീക്ഷ ഇംഗ്ളീഷിനൊപ്പം മലയാളത്തിലും എഴുതാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് (കെ എ എസ് ) ഉൾപ്പെടെ പി എസ് സി നടത്തുന്ന എല്ലാ പരീക്ഷകളും മലയാളത്തിൽ കൂടി നടത്തണം. ഈ ആവശ്യമുന്നയിച്ച് കൊണ്ട് കഴിഞ്ഞ 12 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാരസമരത്തോട് സർക്കാർ മുഖം തിരിക്കുന്നത് ശരിയല്ല. സംസ്ഥാനം രൂപീകരിച്ചു 63 വർഷം കഴിഞ്ഞിട്ടും മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവകാശത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കേണ്ടി വരുന്നത് ഒരു ജനതയുടെ ഗതികേടാണ്.

സാംസ്‌കാരിക ലോകം മുന്നോട്ട് വയ്ക്കുന്ന ഈ ആവശ്യം അനുഭാവപൂർവം പരിഗണിക്കണം.
പ്രമുഖ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കവയത്രി സുഗതകുമാരി, കവി മധുസൂദനൻ നായർ എന്നിവർ ഉൾപ്പെടെയുള്ളവർ ഇക്കാര്യം സർക്കാരിന് മുന്നിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്.പബ്ളിക് സർവ്വീസ് കമ്മീഷന്റെ പരീക്ഷകൾ മാതൃഭാഷയിൽ കൂടി എഴുതാനുള്ള സാഹചര്യം ഒരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. കേന്ദ്ര പബ്ളിക്ക് സർവ്വീസ് കമ്മീഷൻ പരീക്ഷകളെല്ലാം ഇംഗ്ളീഷിനൊപ്പം ഹിന്ദിയിലും എഴുതാം. അതു പോലെ കേരള പബ്ളിക് സർവ്വീസ് കമ്മീഷൻ പരീക്ഷകൾ ഇംഗ്ളീഷിനൊപ്പം മലയാളത്തിലും എഴുതാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കേരളത്തിലെ സാംസ്‌കാരിക സമൂഹം ഉന്നയിക്കുന്ന ആവശ്യത്തിനൊപ്പമാണ് പ്രതിപക്ഷവും.

You might also like

-