ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അപകടകരമായ സംഘർഷമെന്ന് വരുത്തിതീർക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ

ഇന്ത്യയുടെ ഹൈക്കമ്മീഷണർ അജയ് ബിസാരിയയോട് ഉടൻ മടങ്ങിപ്പോകണമെന്ന് പാകിസ്ഥാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ കശ്മീരിനെക്കുറിച്ച് തെറ്റായ ധാരണ പരത്താനാണ് പാക് നീക്കമെന്ന് ഇന്ത്യ ഇന്ന് തിരിച്ചടിച്ചു

0

ദില്ലി: ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അപകടകരമായ സംഘർഷമെന്ന് വരുത്തിതീർക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്ന് ഇന്ത്യ. ഹൈക്കമ്മീഷണറെ പുറത്താക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം ഖേദകരമാണെന്നും ഇന്ത്യ പ്രതികരിച്ചു.

ഇന്ത്യയുടെ ഹൈക്കമ്മീഷണർ അജയ് ബിസാരിയയോട് ഉടൻ മടങ്ങിപ്പോകണമെന്ന് പാകിസ്ഥാൻ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ കശ്മീരിനെക്കുറിച്ച് തെറ്റായ ധാരണ പരത്താനാണ് പാക് നീക്കമെന്ന് ഇന്ത്യ ഇന്ന് തിരിച്ചടിച്ചു. ജമ്മുകശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞത് കശ്മീർ ജനതയുടെ വികസനത്തിനാണ്. പാകിസ്ഥാൻ ഇത് ആഗ്രഹിക്കുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലെ സംഘർഷം ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നു എന്ന് വരുത്താനുള്ള പാക് ശ്രമം ഖേദകരമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തില്‍ അമേരിക്കയെ ഇടപെടുത്താനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തുന്നതെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇന്ത്യയുടെ ഈ തിരിച്ചടി. ഇന്ത്യന്‍ ഹൈക്കമ്മീഷണർ ഇപ്പോഴും ഇസ്ലാമാബാദിൽ തുടരുകയാണ്.

ജമ്മുകശ്മീരിൽ ചിലയിടങ്ങളിൽ ഇന്ന് സുരക്ഷാസേനയ്ക്കു നേരെ കല്ലേറു നടന്നു എന്നാണ് ലേയിലെത്തിയ പ്രാദേശിക മാധ്യമപ്രവർത്തകർ അറിയിച്ചത്. വാർത്താവിനിമയ സംവിധാനങ്ങൾ തുടർച്ചയായ നാലാം ദിവസവും വിച്ഛേദിച്ചിരിക്കുകയാണ്. നാളെ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി കർഫ്യുവിൽ ഇളവു നല്കിയേക്കുമെന്ന് സൂചനകളുണ്ട്.

ജമ്മുകശ്മീരിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിനെ ശ്രമീനഗർ വിമാനത്താവളത്തിൽ തടഞ്ഞു വച്ചു. അതിനിടെ, കശ്മീരിലെ സാഹചര്യം കോൺസന്ട്രേഷന്‍ ക്യാംപുകൾക്ക് സമാനമാണെന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവന വിവാദമായി. കശ്മീരിലെ അവസ്ഥ കോൺസൻട്രേഷൻ ക്യാംപിന് തുല്യമാണ്. മൊബൈൽ ഇല്ല, ഇൻറർനെറ്റ് ഇല്ല, ഇതുപോലൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു ചൗധരിയുടെ പ്രസ്താവന.

You might also like

-