യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ 11 പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്

പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രണവും ലുക്കൗട്ട് പട്ടികയിലുണ്ട്

0

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർത്ഥിയെ കുത്തിയ കേസിൽ കൂടുതൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. 11 പേർക്കെതിരെയാണ് ഇന്ന് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രണവും ലുക്കൗട്ട് പട്ടികയിലുണ്ട്. പിഎസ്‌സി പരീക്ഷാ ക്രമക്കേടിനെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് പ്രണവ് ഉൾപ്പെടെയുള്ളവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.

19 പ്രതികളുള്ള കത്തിക്കുത്ത് കേസിൽ എട്ട് പേരാണ് ഇതു വരെ പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്തും നസീമും ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തൊട്ടുപിന്നാലെ ഇവർ പിടിയിലാകുകയും ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്. എന്നാൽ കേസിലെ ബാക്കി പ്രതികളെ പൊലീസ് പിടികൂടാതിരിക്കുന്നതിനെതിരെ ആക്ഷേപമുയർന്നിരുന്നു. പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കെയാണ് പ്രണവിനായി ഇന്ന് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് ഇന്ന് അന്വേഷണം ആരംഭിച്ചത്. പിഎസ്‌സിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എസ്എംഎസുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സൈബർ സെല്ലിന്റെ സഹകരണവും തേടും. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ റിമാന്റിൽ കഴിയുന്ന ശിവരഞ്ജിത്തിനെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികൾ പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയത് വിവാദമായിരുന്നു. ആദ്യം പിഎസ്‌സി ആരോപണങ്ങൾ നിഷേധിച്ചിരുന്നെങ്കിലും റാങ്ക് പട്ടികയിലെ ഒന്നും രണ്ടും റാങ്കുകൾ നേടിയ ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണിലേക്ക് പരീക്ഷാ സമയത്ത് നിരവധി സന്ദേശങ്ങളെത്തിയതായി പിഎസ്‌സി ആഭ്യന്തര വിജിലൻസ് കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് പിഎസ്‌സി കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നൽകിയത്.

You might also like

-