ഇമ്രാന്‍ഖാന്‍ അധികാരത്തിലേക്ക്;പാക് രാഷ്ട്രീയ ചലനങ്ങളിൽ സസൂഷ്‌മം ലോകം
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്.
ഇസ്ലാമാബാദ് :പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക്-ഇ- ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുകയാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ കോടതിയുടെ സഹായത്തോടെ സൈന്യം അട്ടിമറിച്ചതാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തില്‍ വരുന്നത്. സൈന്യത്തെ പ്രീതിപ്പെടുത്തിയും തീവ്രനിലപാടുകള്‍ സ്വീകരിച്ചുമാണ് ഇമ്രാന്‍ ഖാന്റെ വളര്‍ച്ച എന്നത് ശ്രദ്ധേയമാണ്.
71 വര്‍ഷത്തെ പാകിസ്താന്റെ ചരിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറച്ചും ‘നിലയ്ക്കു നിര്‍ത്തിയും’ സൈന്യം അധികാര ശക്തിയായി എന്നും നിലനിന്നു. അധികാരത്തിലിരുന്നപ്പോള്‍ പൂര്‍ണമായി കീഴടങ്ങിയില്ല എന്നതാണു നവാസ് ഷെരീഫിനെ സൈന്യത്തിന് അനഭിമതനാക്കിയത്. പിപിപി യെ- ആസിഫ് അലി സര്‍ദാരി- സൈന്യം പിന്തുണയ്ക്കാത്തതിനു കാരണവും ഇതൊക്കെ തന്നെ. അതു കൊണ്ട് തന്നെ സൈന്യത്തെ പ്രീണിപ്പിക്കുന്നതാണ് അധികാര കസേരയിലേക്കുള്ള തന്റെ വഴി എളുപ്പമാക്കുകയെന്ന് കളിക്കളത്തില്‍ നിറഞ്ഞാടിയ ഇമ്രാന് അറിയാമായിരുന്നു. സൈന്യത്തെ നേരിട്ട് പിന്തുണച്ച് ജനാധിപത്യ വിരുദ്ധ മുഖമുണ്ടാക്കാതിരിക്കാനും ഇമ്രാന്‍ ശ്രദ്ധിച്ചു. അതിനാല്‍ സര്‍ക്കാരിന്റെ അഴിമതി കഥകളാണ് ഇമ്രാന്‍ തന്റെ പ്രസംഗങ്ങളിലുടനീളം പ്രചരിപ്പിച്ചത്. ഇത്തരം സര്‍ക്കാരുകളെ താഴെയിറക്കാന്‍ സൈന്യം നടത്തിയ ‘ധീരോത്തമ’ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വാനോളം വാഴ്ത്തിപ്പാടി.
കഴിഞ്ഞ തവണ രാജ്യം തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരുന്ന 2012ലാണ് ഇമ്രാന്‍ ഖാന്‍ രാഷ്ട്രീയരംഗത്ത് കൂടുതല്‍ സജീവമായത്. അടുത്ത വര്‍ഷമായിരുന്നു പൊതു തിരഞ്ഞെടുപ്പ്. ബേനസീര്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ആയിരുന്നു അന്ന് അധികാരത്തില്‍. ബേനസീറിന്റെ കൊലപാതകം ഉണ്ടാക്കിയ ആഘാതത്തോടൊപ്പം അഴിമതി ആരോപണങ്ങളും കൂടെയായപ്പോള്‍ പാര്‍ട്ടിയ്ക്ക് അധികാര കേന്ദ്രത്തില്‍ നിന്നും പടിയിറങ്ങേണ്ടി വന്നു. പാകിസ്താന്‍ മുസ്ലിം ലീഗിന്റെ ശക്തനായ നേതാവ് നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തീവ്രനിലപാടുകളെ എതിര്‍ത്ത നവാസ് ഷെരീഫ് സൈന്യത്തിന്റെ ആജ്ഞാനുവര്‍ത്തിയായി മാറിയില്ല. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം നടത്തിയതും സൈന്യത്തെ ചൊടിപ്പിച്ചു.
സൈന്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നിയമത്തെ വളച്ചൊടിക്കാന്‍ കോടതികള്‍ തയ്യാറായപ്പോള്‍ നവാസ് ഷെരീഫിന് കുരുക്കു വീണു. പനാമ രേഖകളുടെ അടിസ്ഥാനത്തില്‍ പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് 2017 ജൂലൈയിലാണു ഷെരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്കുണ്ട്. നവാസ് ഷെരീഫ് അഴിമതിക്കേസില്‍ പെടുകയും സുപ്രീംകോടതി ശിക്ഷിക്കുകയും ചെയ്തതോടെയാണ് ഇമ്രാന്‍ ഖാന് വഴി കൂടുതല്‍ വ്യക്തമായി തെളിഞ്ഞത്. ഈ കോടതി നടപടിയെ ലോകമെമ്പാടുമുള്ള നിയമവിദഗ്ദര്‍ വിമര്‍ശിച്ചിരുന്നു. ഐ എസ് ഐ രഹസ്യാന്വേഷണ ഏജന്‍സി കോടതികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നു എന്നും തിരഞ്ഞെടുപ്പിന് മുമ്പ് നവാസ് ഷരീഫിനെ മോചിപ്പിക്കാതിരിക്കാന്‍ ന്യായാധിപന്മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും ഇസ്ലാമാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷൗക്കത് അസീസ് സിദ്ധിഖി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ക്കിടം നല്‍കി.
തീവ്രവാദ പശ്ചാത്തലമുള്ള പൊതു തിരഞ്ഞെടുപ്പില്‍ മുഖ്യധാരാ പാര്‍ട്ടികളോടൊപ്പംസ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വഴിയൊരുക്കിയെന്നതും ആശങ്കാജനകമാണ്. രാജ്യത്തെ മതനിന്ദ നിയമങ്ങളെ പിന്തുണയ്ക്കുന്ന തെഹ്രീക് ലബ്ബൈക് പാകിസ്താന്‍ എന്ന സംഘടനയും മുമ്പ് നിരോധിക്കപ്പെട്ട ഒരു പാര്‍ട്ടി അല്ലാഹു-അക്ബര്‍ തെഹ്രീക് എന്ന പേരിലും മത്സരിച്ചു. നവാസ് ഷെരീഫിന്റെ പാര്‍ട്ടിയിലെ ഉള്‍പ്പെടെ പല സ്ഥാനാര്‍ത്ഥികള്‍ക്കും ഇമ്രാന്‍ ഖാന്റെ കക്ഷിയില്‍ ചേരാന്‍ സമ്മര്‍ദമുണ്ടായി. ഇത്തരം ശ്രമങ്ങളെ എതിര്‍ത്തവര്‍ പലരീതിയില്‍ ഉപദ്രവിക്കപ്പെട്ടു. അവാമി നാഷണല്‍ പാര്‍ട്ടിയുടെ പ്രധാന സ്ഥാനാര്‍ത്ഥി കഴിഞ്ഞയാഴ്ച്ച പെഷവാറില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. സമാന ആക്രമണങ്ങളില്‍ ജഠകല്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയടക്കം മറ്റു രണ്ടു പേരും കൊല്ലപ്പെട്ടു. ബലൂചിസ്ഥാനില്‍ മതേതര സ്ഥാനാര്‍ത്ഥിയായ ഗിസേന്‍ മാരി യാത്രാ വിലക്കും വീട്ടുതടങ്കലും നേരിടുകയാണ്.
ഇത്തരം അണിയറ നീക്കങ്ങള്‍ നടക്കുമ്പോഴും തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ സൗമ്യനായി നിന്നുകൊണ്ട് തന്റെ അധികാര കസേരയ്ക്കുള്ള വഴി സുഗമമാക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍. നവാസ് ഷെരീഫിന്റെ അഴിമതി കഥകളോടൊപ്പം തന്റെ ഇന്ത്യ വിരുദ്ധ നിലപാടുകള്‍ വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. നവാസിന്റെ ഇന്ത്യാ അനുകൂല നിലപാടുകള്‍ തെറ്റായിരുന്നുവെന്നും രാജ്യ താല്‍പ്പര്യത്തേക്കാള്‍ നവാസ് ശ്രദ്ധപതിപ്പിക്കുന്ന ഇന്ത്യയുമായുള്ള സൗഹൃദത്തിലാണെന്നും ഇമ്രാന്‍ പറഞ്ഞു.നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നവാസ് ഷെരീഫ് പങ്കെടുത്തതും ജന്മദിനാഘോഷത്തിലെ മോദിയുടെ സാന്നിധ്യവുമെല്ലാം നവാസിന്റെ ഇന്ത്യാ അനുകൂല നിലപാടായി വ്യാഖ്യാനിക്കപ്പെട്ടു.
തീവ്രവാദ സംഘടനകള്‍ക്ക് വേരോട്ടമുറപ്പിച്ചും സൈന്യത്തെ നെടുംതൂണായി നിര്‍ത്തിയും നിയമവ്യവസ്ഥിതിയെ വിലയ്ക്കു വാങ്ങിയുമാണ് ഇമ്രാന്‍ ഖാന്‍ എന്ന നേതാവ് പാകിസ്താന്റെ അധികാര കസേരയില്‍ ഇരിപ്പുറപ്പിക്കാനൊരുങ്ങുന്നത്. തന്റെ ജനകീയതയെ എങ്ങനെ വോട്ടാക്കി മാറ്റാമെന്നു മാത്രമല്ല, എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താനും ഇമ്രാനെന്ന രാഷ്ട്രീയക്കാരന് നന്നായറിയാം. സൈന്യത്തിന്റെ അധികാര വാഴ്ചയെ പിന്തുണയ്ക്കുന്ന ഇമ്രാന്‍ അധികാര കസേരയിലെത്തുമ്പോള്‍ ഇന്ത്യയോട് മൃദുസമീപനമായിരിക്കില്ല സ്വീകരിക്കുകയെന്ന് വ്യക്തം. ഇന്ത്യയും പുതിയ സാഹചര്യത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.
ജനാധിപത്യത്തെ അട്ടിമറിക്കുന്ന സൈനിക മുന്നേറ്റങ്ങള്‍ പാകിസ്താന്‍ എന്ന രാഷ്ട്രത്തിന് ചിരപരിചിതമെന്നിരിക്കെ പ്രധാനമന്ത്രി പദവിയിലേക്കുള്ള യാത്ര ഇമ്രാന് സുഗമവും ജനാധിപത്യവാദികള്‍ക്ക് ആശങ്കാജനകവുമാണ്. അതേസമയം അതിര്‍ത്തിയിലെ സംഭവവികാസങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫിന്റെ ഇന്ത്യാ അനുകൂല നിലപാടാണ് സൈന്യത്തിന് അദ്ദേഹത്തെ അനഭിമതനാക്കിയത്. ഇന്ത്യയോടുള്ള നിലപാട് കൂടുതല്‍ ശകതമാക്കണം എന്ന സൈനീക നിലപാടിന്റെ വക്താവായ ഇമ്രാന്‍ അധികാരമേറ്റെടുക്കുമ്പോള്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അതെങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്.
രണ്ടു ദശാബ്ദം നീണ്ട ക്രിക്കറ്റ് ജീവിതത്തില്‍ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച മികവുറ്റ കളിക്കാരനാണ് ഇമ്രാന്‍ഖാന്‍. 1952-ല്‍ ലാഹോറിലെ ഒരു പഷ്തൂണ്‍ കുടുംബത്തില്‍ ജനിച്ച ഇമ്രാന്റെ വിദ്യാഭ്യാസം യുകെയിലായിരുന്നു. 13-ാം വയസില്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ഇമ്രാന്‍ 1971ല്‍ തന്റെ പതിനെട്ടാം വയസിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചത്. പാകിസ്താനെ ഏറ്റവും കൂടുതല്‍ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനാണ്. 1992ല്‍ പാകിസ്താന്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോഴും ടീമിന്റെ അമരത്ത് ഇമ്രാന്‍ തന്നെയായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം 1996ല്‍ തെഹ്രീക്-ഇ-ഇന്‍സാഫ് എന്ന പാര്‍ട്ടി രൂപീകരിച്ചാണ് അദ്ദേഹം രാഷ്ട്രീയരംഗത്തെത്തിയത്.