530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്
ഉടമകൾക്ക് ദേവികുളം തഹസിൽദാർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. കെ. ഡി.എച്ച് വില്ലേജിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ അർഹരായവർക്ക് രണ്ട് മാസത്തിനുള്ളിൽ പുതിയ പട്ടയം ലഭിക്കും
തിരുവനന്തപുരം | രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി ഉത്തരവ്. തുടർന്ന് സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങളും പുറത്തിറക്കി. ഉടമകൾക്ക് ദേവികുളം തഹസിൽദാർക്ക് പുതിയ അപേക്ഷ സമർപ്പിക്കാം. കെ. ഡി.എച്ച് വില്ലേജിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ അർഹരായവർക്ക് രണ്ട് മാസത്തിനുള്ളിൽ പുതിയ പട്ടയം ലഭിക്കും. നാല് വർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് പട്ടയങ്ങൾ റദ്ദാക്കിയത്. ദേവികുളം പഞ്ചായത്തിലെ ഒൻപത് ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കായി നൽകിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ബന്ധപ്പെട്ട നടപടികൾ 45 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നൽകിയിരിക്കുന്ന നിർദേശം. മൂന്നാറിലെ പട്ടയവിതരണത്തിലൂടെയാണ് എം.ഐ.രവീന്ദ്രൻ വിവാദ നായകനായത്.1999ല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങളാണ് റദ്ദ് ചെയ്യുന്നത്.
പട്ടയം റദ്ദുചെയ്യപ്പെടുന്ന 530 കുടുംബങ്ങള്‍ക്ക് പകരം പട്ടയത്തിന് അപേക്ഷിക്കാം. ദേവികുളം തഹസില്‍ദാര്‍ക്കാണ് പുതിയ പട്ടയത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്.അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ കസ്റ്റഡിയിലെടുത്ത എല്ലാ ഫയലുകളുടെയും പകര്‍പ്പുകള്‍ 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കളക്ടര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
എം ഐ രവീന്ദ്രന്‍ പട്ടയമനുവദിച്ച വില്ലേജുകളില്‍ മാത്രം പ്രത്യേക സംഘത്തെ നിയോഗിച്ച യോഗ്യത ഉറപ്പാക്കുകയും ഭൂപതിവിനാവശ്യമായ എല്ലാ രേഖകളും തയ്യാറാക്കി തഹസില്‍ദാര്‍ക്ക് കൈമാറുകയും വേണം. ഈ വില്ലേജുകളില്‍ ഒരു ഡെപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ രണ്ട് സര്‍വേയര്‍മാരും ഒരു റവന്യു ഇന്‍സ്‌പെക്ടറും രണ്ട് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരും അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. ഇതിനായി ലാന്‍ഡ് റവന്യു കമ്മിഷണറെയും ഭൂരേഖ വകുപ്പ് ഡയറക്ടറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 45 ദിവസത്തേക്ക് മാത്രമാണ് പ്രത്യേക സംഘത്തിന്റെ നിയമനം. ഈ ദിവസത്തിനുള്ളില്‍ പട്ടയം പുതുതായി പതിച്ചുനല്‍കുന്നവരുടെ കാര്യത്തിലടക്കം നടപടികള്‍ പൂര്‍ത്തീകരിക്കണം.ലഭ്യമായ അസൈന്‍മെന്റ് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ദേവികുളം തഹസില്‍ദാര്‍ സമയബന്ധിതമായി നടപടിയെടുക്കണം. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അസൈന്‍മെന്റ് കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കണം.കണ്ണന്‍ദേവന്‍ ഒഴികെയുള്ള ഒഴികെയുള്ള വില്ലേജുകളിലെ ഭൂമി അര്‍ഹരായവര്‍ക്ക് രണ്ടുമാസത്തിനകം ഭൂമി നല്‍കുന്നതിനുള്ള നടപടിയും പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.