സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയെ എതിർത്ത് പ്രതിപക്ഷ പാർട്ടികള്‍
പ്രതികരണം അറിയിച്ച ആറില്‍ അഞ്ച് പാര്‍ട്ടികളും കമ്മീഷന്‍റെ നിർദേശത്തെ എതിര്‍ത്തു.
ന്യൂ ഡൽഹി: സൗജന്യ വാഗ്ദാനങ്ങള്‍ സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശയെ എതിർത്ത് മറുപടി നല്‍കി പ്രതിപക്ഷ പാർട്ടികള്‍. പ്രതികരണം അറിയിച്ച ആറില്‍ അഞ്ച് പാര്‍ട്ടികളും കമ്മീഷന്‍റെ നിർദേശത്തെ എതിര്‍ത്തു. വിഷയത്തില്‍ പ്രതികരണം അറിയിക്കാന്‍ കൂടുതല്‍ സമയം തേടിയിരിക്കുകയാണ് ബിജെപി. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടികള്‍ സാമ്പത്തിക ചെലവും വിശദീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശുപാര്‍ശ. ഇതിനായി മാതൃക പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യണമെന്നും കമ്മീഷന്‍റെ ഒക്ടോബർ നാലിലെ ശുപാർശയിലുണ്ടായിരുന്നു.
കോണ്‍ഗ്രസ്, സിപിഎം, ഡിഎംകെ, ആംആദ്മി പാര്‍ട്ടി ,എഐഎംഐഎം എന്നീ അഞ്ച് പാര്‍ട്ടികളാണ് നിലവില്‍ എതിര്‍പ്പ് അറിയിച്ചത്. അനുകുലിച്ചത് പഞ്ചാബിലെ അകാലിദള്‍ മാത്രമാണ്.
രാഷ്ട്രീയപാര്‍ട്ടികളുടെ നയ പ്രഖ്യാപനങ്ങളോ വാഗ്ദാനങ്ങളോ നിയന്ത്രിക്കാനോ പരിശോധിക്കാനോ ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്നില്ലെന്ന് സിപിഎമ്മും വ്യക്തമാക്കി. ജനങ്ങള്‍ക്ക് സൗജന്യമായി സേവനങ്ങള്‍ നല്‍കുന്നത് സർക്കാരുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്നാണ് സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടി കമ്മീഷനെ അറിയിച്ചത്.