ഒക്കലഹോമ ഗവർണർ പദം വ്യവസായിക്കോ, അറ്റോർണി ജനറലിനോ? ഏർലി വോട്ടിംഗ് ഒന്നു മുതൽ ആരംഭി
ഏർലി വോട്ടിംഗ് നവംബർ 1 ന് ആരംഭിക്കുന്പോൾ ആദ്യ ദിനങ്ങളിൽ വൻ പോളിംഗാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരേയും ശനിയാഴ്ച 9 മുതൽ 2 വരെയും മാത്രമാണ് സമ്മതിദാനാവകാശം ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുക
ഒക്കലഹോമ: നവംബർ ആറിന് ഒക്കലഹോമ സംസ്ഥാന വോട്ടർമാർ ഗവർണറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂർത്തീകരിക്കുന്പോൾ പുതിയ ഗവർണറായി റിപ്പബ്ലിക്കൻ സ്ഥാനാർഥിയും വ്യവസായിയുമായ കെവിൻ സ്റ്റിറ്റിനെയാണോ, അതോ വോട്ടർമാർക്ക് സുപരിചിതനായ മുൻ അറ്റോർണി ജനറലും ഡമോക്രാറ്റിക്ക് സ്ഥാനാർഥിയുമായ ഡ്രു എഡ്മണ്ട്സാണോ വിജയിക്കുന്നത് എന്നറിയുവാൻ ആറു ദിവസം കൂടി കാത്തിരിക്കേണ്ടി വരും.
ഏർലി വോട്ടിംഗ് നവംബർ 1 ന് ആരംഭിക്കുന്പോൾ ആദ്യ ദിനങ്ങളിൽ വൻ പോളിംഗാണ് പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരേയും ശനിയാഴ്ച 9 മുതൽ 2 വരെയും മാത്രമാണ് സമ്മതിദാനാവകാശം ഉപയോഗിക്കുന്നതിനുള്ള അവസരം ലഭിക്കുക. തൊട്ടടുത്ത സംസ്ഥാനമായ ടെക്സസിൽ ഏർലി വോട്ടിംഗ് ആരംഭിച്ചതു ഒക്ടോബർ 22 നായിരുന്നു.
ഗവർണർ സ്ഥാനം ഒഴിയുന്ന മേരി ഫോളിന്റെ പിന്തുടർച്ചാവകാശം കെവിനു തന്നെയായിരിക്കുമെന്നാണ് പ്രഥമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു പാർട്ടികളേയും മാറി മാറി പിന്തുണച്ച വോട്ടർമാർ ഉൗഴമനുസരിച്ചു ഡമോക്രാറ്റിക് പാർട്ടിയെയാണ് വിജയിപ്പിക്കേണ്ടത്. 2003 മുതൽ 2011 വരെ ഡമോക്രാറ്റിക് ഗവർണറായിരുന്ന ബ്രാണ്ട് ഹെൻട്രിയെ പരാജയപ്പെടുത്തിയാണ് മേരി ഫോളിൻ ഗവർണറായത്. 2011 മുതൽ ഗവർണറായിരുന്ന മേരിയുടെ ഭരണ പരിഷ്കാരങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കനുകൂലമാകാനാണ് സാധ്യത.
1964ലിനുശേഷം അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയെയാണ് ഒക്കലഹോമ പിന്തുണച്ചിട്ടുള്ളത്. ലിൻഡൻ ബി ജോണ്സനായിരുന്നു (1964) അവസാന ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി. ഒക്കലഹോമയിൽ റിപ്പബ്ലിക്കൻ ഗവർണർ സ്ഥാനാർഥി വിജയിച്ചാൽ ട്രംപ് ഭരണത്തിന് ലഭിക്കുന്ന മറ്റൊരു അംഗീകാരമായിരിക്കുമത്