ആർക്കെതിരെയും പ്രതികാരമില്ല ! ഓഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യം കാബൂളിൽ നിന്ന് പിന്മാറണം ; പഞ്ചശിർ വിഷയത്തിൽ തത്കാലം ഏറ്റുമുട്ടലിനില്ല താലിബാൻ
അഫ്ഗാൻ സ്വദേശികൾ നാട്ടിൽ തന്നെ തുടരണം. രാജ്യം വിട്ടു പോയവർ തിരിച്ചു വരണമെന്നും താലിബാൻ വക്താവ് ആവശ്യപ്പെട്ടു.
കാബൂൾ : ഓഗസ്റ്റ് 31 നകം അമേരിക്കൻ സൈന്യം കാബൂളിൽ നിന്ന് പിന്മാറണമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ്. ഓഗസ്റ്റ് 31 വരെ നീട്ടിയത് ഖത്തറിൽ വെച്ച് ഒപ്പിട്ട കരാറിലെ തീരുമാനമാണ്. ഇനി അത് നീട്ടാൻ കഴിയില്ല. ഇക്കാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും മുജാഹിദ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.അഫ്ഗാനിസ്ഥാനിലെ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും രാജ്യംവിടാന്‍ പ്രേരിപ്പിക്കരുതെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചവരെ വീടുകള്‍തോറും റെയ്ഡ് നടത്തി വേട്ടയാടുന്നുവെന്ന ആരോപണവും താലിബാന്‍ വക്താവ് നിഷേധിച്ചു.
ആർക്കുമെതിരെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടില്ല. ആരേയും കണ്ടെത്താനല്ല വീടുകയറി തിരച്ചിൽ നടത്തുന്നത്. എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാബൂളിൽ തന്നെ തുടരുന്ന എല്ലാ അന്താരാഷ്‌ട്ര പ്രതിനിധികൾക്കും നന്ദി അറിയിക്കുന്നു. ഇവിടെ തന്നെ തുടർന്ന് അവരുടെ ആളുകൾക്ക് വേണ്ടി സേവനം നടത്തുന്നതിൽ പ്രത്യേകം നന്ദി അറിയിക്കുന്നുവെന്നും മുജാഹിദ് വ്യക്തമാക്കി.ദേശീയ റേഡിയോയും ടെലിവിഷനും അടക്കം രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. യാതൊരു ഭയവും ആശങ്കയുമില്ലാതെയാണ് മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
കാബൂൾ വിമാനത്താവളത്തിലെ സാഹചര്യങ്ങൾ ബുദ്ധിമുട്ടിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള റോഡ് വിദേശികൾക്ക് മാത്രമായി തുറന്നിട്ടിരിക്കുകയാണ്. അഫ്ഗാൻ സ്വദേശികൾ നാട്ടിൽ തന്നെ തുടരണം. രാജ്യം വിട്ടു പോയവർ തിരിച്ചു വരണമെന്നും താലിബാൻ വക്താവ് ആവശ്യപ്പെട്ടു.
സ്ത്രീകളോട് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് പോകരുതെന്ന് നിർദ്ദേശിച്ചത് അവരുടെ സുരക്ഷയ്‌ക്ക് വേണ്ടിയാണ്. അവർക്കെതിരെ മോശമായ പെരുമാറ്റം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എത്രയും പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തുമെന്നും ശമ്പളം വീട്ടിലെത്തിക്കുമെന്നും സബീഹുള്ള അവകാശപ്പെട്ടു.
തുർക്കിയുമായി നല്ല ബന്ധം പുലർത്താനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവരുടെ സൈന്യം ഇവിടെ ആവശ്യമില്ല. അഫ്ഗാനിസ്ഥാനിൽ പാക് താലിബാൻ ഇല്ല. അഫ്ഗാനിസ്ഥാനിലെ മണ്ണിൽ മറ്റൊരു രാജ്യത്തിനെതിരേയും ഭീകര പ്രവർത്തനം അനുവദിക്കുകയില്ലെന്നും സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. പഞ്ചശിറിലെ വിഷയം ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും സബീഹുള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പഞ്ചശിറിൽ വടക്കൻ സഖ്യം താലിബാനെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ട്. താജിക്കിസ്ഥാനിൽ നിന്ന് വടക്കൻ സഖ്യത്തിന് ആയുധങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിയതായും റിപ്പോർട്ടുകളുണ്ട്.