രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് ജോസ് പക്ഷത്തിന്റെ  നിലപാട് ?

ബിജെപി അംഗമായ ഒ .രാജഗോപാല്‍, പിസി ജോര്‍ജ്ജ് എന്നീവര്‍ എന്ത് നിലപാട് എടുക്കും എന്നത് കൗതുകരമാണ്.

0

തിരുവനന്തപുരം :രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയിൽ നടക്കും. എൽ.ഡി.എഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു.ഡി.എഫിനു വേണ്ടി ലാൽ വർഗീസ് കല്‍പകവാടിയുമാണ് മത്സരിക്കുന്നത്. സഭയിലെ അംഗബലം അനുസരിച്ച് എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്.എം.പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കുട്ടനാട്,ചവറ മണ്ഡലങ്ങളില്‍ എം.എല്‍.എമാരില്ല. കെ.എം. ഷാജിക്കും, കാരാട്ട് റസാഖിനും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ വോട്ട് ചെയ്യാനാകില്ല. ഫലത്തില്‍ 136 വോട്ടുകളാണ് ഉള്ളത്. 69 വോട്ടുകളാണ് ജയിക്കാന്‍ ആവശ്യം. 90 എം എല്‍ എ മാരുടെ പിന്തുണയോടെ ശ്രേയാംസ് കുമാര്‍ വിജിയിക്കുമെന്നതില്‍ തര്‍ക്കമില്ല. 42 വോട്ടുകളാണ് യു.ഡി.എഫിനുള്ളത്. പ്രതീകാത്മ മത്സരമാണ് യുഡിഎഫിന്‍റേതെന്ന് സ്ഥാനാര്‍ഥി ലാല്‍വര്‍ഗീസ് കല്‍പകവാടി തന്നെ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ ശ്രദ്ധേയമാവുക കേരളകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ വിട്ടു നില്‍ക്കലാകും.

ജോസ് വിഭാഗം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്. പി.ജെ ജോസഫ് വിഭാഗം പാര്‍ട്ടി വിപ്പ് മോന്‍സ് ജോസഫ് നല്‍കിയ വിപ്പ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് വോട്ടു ചെയ്യണമെന്നാണ്. പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷമുള്ളതിനാല്‍ ജോസഫ് വിഭാഗത്തിന്‍റെ നടപടിക്കാണ് സാധുതയുണ്ടാവുക. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് അയോഗ്യതക്ക് കാരണമാകാത്തതിനാല്‍ ജോസ് വിഭാഗത്തിന്റെ വിട്ടു നില്‍ക്കല്‍ മറ്റു നിയമപ്രശ്നങ്ങളുണ്ടാക്കില്ല.

ആകെയുളള 140 അംഗങ്ങളില്‍ അയോഗ്യരും, മരണപ്പെട്ടവരും അസുഖബാധിതനായ സിഎഫ് തോമസിനെയും ഒ‍ഴിച്ച് നിര്‍ത്തിയാല്‍ 135 പേര്‍ രാജ്യസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും. 91 അംഗങ്ങളില്‍ ഉളള എല്‍ഡിഎഫ് രാജ്യസഭയില്‍ വിജയിക്കുമെന്നത് ഉറപ്പാണ്.ഇതൊടൊപ്പം ധനകാര്യബില്ലിന്‍റെ അവതരിപ്പിച്ച് പാസാക്കും.ബിജെപി അംഗമായ ഒ .രാജഗോപാല്‍, പിസി ജോര്‍ജ്ജ് എന്നീവര്‍ എന്ത് നിലപാട് എടുക്കും എന്നത് കൗതുകരമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേൽനോട്ടവും അദാനിക്ക്‌ കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കാൻ ആ‍വശ്യപ്പെട്ട് സഭ പ്രമേയം പാസാക്കും.ഇക്കാര്യത്തിൽ ചർച്ചയുണ്ടാകില്ല. അതിനു ശേഷമാകും വി.ഡി.സതീശൻ നോട്ടിസ് നൽകിയ സർക്കാരിനെതിരായ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക.

അഞ്ച് മണിക്കൂറാണ് ചർച്ച. കേരള സംസ്ഥാന രൂപീകരണത്തിനുശേഷം സഭയുടെ ചരിത്രത്തിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ട 15 അവിശ്വാസ പ്രമേയങ്ങളിൽ വിജയിച്ചത് ഒന്നു മാത്രമാണ്.അതേസമയം, സ്‌പീക്കർക്കെതിരായ അവിശ്വാസപ്രമേയം ഇന്ന് ചർച്ചയ്‌ക്കെടുക്കില്ല. പൂർണമായും കൊവിഡ്‌ പ്രോട്ടോകോൾ പാലിച്ച് ആവും സഭ ചേരുക. ഇതിനായി സഭയിൽ എല്ലാ അംഗങ്ങൾക്കും പ്രത്യേക ഇരിപ്പിടം സജ്ജമാക്കി.അംഗങ്ങൾക്ക് ആന്‍റിജൻ പരിശോധന സഭാ മന്ദിരത്തിലും എംഎൽഎ ക്വാർട്ടേഴ്‌സിലുമായി നടത്തും. സന്ദർശക ഗ്യാലറികളിൽ ആരെയും പ്രവേശിപ്പിക്കില്ല. സഭയിൽ വോട്ടെടുപ്പ്‌ ഇലക്‌ട്രോണിക്‌ യന്ത്രങ്ങൾക്കുപകരം കൈകൾ ഉയർത്തിയോ എഴുന്നേറ്റ്‌ നിന്നോ ആകും വോട്ടെടുപ്പ്‌.

You might also like

-