കോഴിക്കോട്മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കായി എൻ.ഐ.വി ലാബ്

രിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്.

0

കോഴിക്കോട് | മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കായി എൻ.ഐ.വി ലാബ് ഒരുക്കി. ഇന്ന് മുതൽ സാമ്പിൾ പരിശോധന തുടങ്ങും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ലാബിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘം ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്. രാത്രിയിൽ തന്നെ ലാബ് സജ്ജമാക്കി. ഇന്ന് മുതൽ ചികിത്സയിലുള്ളവരുടെ സാമ്പിൾ പരിശോധിക്കും. പൂനെ, ആലപ്പുഴ വൈറോളജി ലാബുകളിൽ നിന്നുള്ള എട്ടു പേരടങ്ങുന്ന സംഘമാണ് സാമ്പിൾ പരിശോധനക്കായി മെഡിക്കൽ കോളജിലെ ലാബിലുള്ളത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി എത്തിയ കേന്ദ്ര ആരോഗ്യ സംഘവും ജില്ലയിലുണ്ട്.

കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരിൽ 54 ഹൈറിസ്ക് വിഭാ​ഗത്തിലാണെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 38 പേർ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേർക്ക് രോ​ഗലക്ഷണങ്ങളുണ്ട്. ഇതിൽ എട്ട് പേരുടെ സാമ്പിളുകൾ എൻഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൈറിസ്ക് വിഭാ​ഗത്തിലുള്ള 54 പേരിൽ 30 പേർ ആരോ​ഗ്യപ്രവർത്തകരാണെന്നും മന്ത്രി അറിയിച്ചു. രോ​ഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോ​ഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദർശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാൻ മരങ്ങൾ കണ്ടെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയിൽ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോൾ ഉണ്ടെന്നും, റെംഡിസീവർ ഉപയോ​ഗിക്കുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. ഭോപ്പാൽ എൻഐവി സംഘം മറ്റന്നാൾ കോഴിക്കോടെത്തുമെന്നും വീണാ ജോർജ് അറിയിച്ചു.

അതേസമയം നിപകോഴിക്കോട്ട് കണ്ടെത്തിയ സാഹചര്യത്തിൽ തൊട്ടടുത്ത ജില്ലയായ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിർദേശം നൽകിയത്. കണ്ണൂർ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാ​ഗ്രത വേണമെന്ന നിർദേശം നൽകിയത്. കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരിച്ചതോടെ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയിൽ വയനാട് ജില്ലയെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

You might also like

-