നീരവ് മോദിയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു
നാലു മാസം മുന്‍പായിരുന്നു എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്
ഡൽഹി :പിഎന്‍ബി തട്ടിപ്പ്കേസിലെ പ്രതി നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ മരവിപ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് അക്കൗണ്ട് മരവിപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് തയ്യാറായത്. നീരവിന്‍റെയും സഹോദരി പൂര്‍വീമോദിയുടെയും പേരിലുള്ള നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതില്‍ 283 കോടി രൂപയുടെ നിക്ഷേപമാണുള്ളത്.
നാലു മാസം മുന്‍പായിരുന്നു എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. പിഎന്‍ബി തട്ടിപ്പ് നടത്തിയ പണം സ്വിസ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചത്. പണം ആദ്യം ദുബായിലെ ഒരു ബാങ്കിലേക്കുമാറ്റിയ ഇയാള്‍ അത് പിന്നീട് ഹോങ്കോങ്ങിലേയ്ക്കും കൂടുതല്‍ സുരക്ഷ പ്രതീക്ഷിച്ച് സ്വിസ്സ് ബാങ്കിലേയ്ക്കും മാറ്റുകയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. നിക്ഷേപകരുടെ സ്വര്‍ഗമെന്ന നിലയിലുള്ള ആനുകൂല്യം പ്രതീക്ഷിച്ച നീരവിന് പക്ഷേ വന്‍ അടിയാണ് സ്വിസ് സര്‍ക്കാര്‍ നല്‍കിയത്. സാമ്പത്തിക കുറ്റവാളികളെ സ്വിസ് ബാങ്ക് സംരക്ഷിക്കുമെന്ന് വന്നാല്‍ അത് അതിന്റെ പേരിനുകളങ്കമുണ്ടാക്കുമെന്ന ഇന്ത്യന്‍ തന്ത്രവും ഉപയോഗിച്ചതായാണ് സൂചന.
പിഎന്‍ബി തട്ടിപ്പില്‍ 13,000 കോടി രൂപ തട്ടി രാജ്യംവിട്ട നീരവ് മോദി മാര്‍ച്ച് 19നാണ് ലണ്ടനില്‍ അറസ്റ്റിലായത്. വാന്‍ഡ്വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവ് മോദി നാലാം വട്ടവും ജാമ്യത്തിനായി കോടതിയെ സമീപിക്കാനിരിക്കുകയാണ്.