നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമ‍ര്‍പ്പിച്ച ഹര്‍ജി തള്ളി

രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

0

ദില്ലി: കാരണം വിശദീകരിക്കാതെയാണ് തന്റെ ദയാഹര്‍ജി തള്ളിയതെന്ന് ആരോപിച്ച്‌ നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ സമ‍ര്‍പ്പിച്ച ഹര്‍ജി തള്ളി. രാഷ്ട്രപതിയുടെ തീരുമാനം സംബന്ധിച്ച്‌ എല്ലാ രേഖകളും പരിശോധിച്ച കോടതി, വേഗത്തില്‍ ദയാഹര്‍ജി പരിഗണിച്ചതില്‍ തെറ്റില്ലെന്നും ചൂണ്ടിക്കാട്ടി.

രാഷ്ട്രപതി, ദയാഹര്‍ജി തള്ളിയ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം ജയിലില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നടക്കമുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ വാദങ്ങളും കോടതി തള്ളി.ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ കോടതിയാണ് വിധി പറഞ്ഞത്.രാഷ്ട്രപതിയുടെ തീരുമാനം പുനപരിശോധിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളു എന്ന് ഇന്നലെ തന്നെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ദയാഹര്‍ജി പരിഗണിച്ചതിലെ നടപടിക്രമങ്ങള്‍ മാത്രമേ പരിശോധിക്കൂവെന്നും കോടതി അറിയിച്ചിരുന്നു. ദയാഹര്‍ജിയില്‍ രാഷ്ട്രപതി എടുക്കുന്ന തീരുമാനം ചോദ്യം ചെയ്യാനാകില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം.

ഫെബ്രുവരി 1-ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് ദില്ലി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ കേസിലെ മറ്റൊരു പ്രതിയായ അക്ഷയ്കുമാര്‍ സിംഗ് സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കി. നേരത്തെ വിനയ് ശര്‍മയുടേയും മുകേഷ് സിംഗിന്റെയും തിരുത്തല്‍ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.താനടക്കം ജയിലില്‍ വച്ച്‌ ലൈംഗികമായി പീ‍ഡിപ്പിക്കപ്പെട്ടെന്ന വാദം മുകേഷ് സിംഗ് സുപ്രീം കോടതിയില്‍ ഉന്നയിച്ചിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ആരോപണം പ്രതികളുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. മുകേഷ് സിംഗും സഹോദരന്‍ രാംസിഗും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു. എന്നാല്‍ മുകേഷ് സിംഗ് ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും അതിനുള്ള ചികിത്സ ജയിലില്‍ നടന്നുവെന്നതും ദയാഹര്‍ജിക്ക് കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ മറുവാദത്തില്‍ പറഞ്ഞു.

You might also like

-