നിപ യിൽ ഇനി ആശങ്കവേണ്ട
നിപ വൈറസ് ബാധയുടെ ആശങ്കയൊഴിയുകയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്
നിപ വൈറസ് ബാധയുടെ ആശങ്കയൊഴിയുകയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക് കൂട്ടല്‍. നിലവില്‍ നിപ സ്ഥിരീകരിച്ച ഒരാള്‍ പോലും ചികിത്സയില്‍ ഇല്ല എന്നതാണ് ആശ്വാസമാകുന്നത്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറയുന്നതും ഈ സാഹചര്യത്തിലാണ്.
കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് രോഗബാധ ഏറെയൊന്നുമല്ല ആശങ്കപ്പെടുത്തിയത്. രണ്ടാമത്തെ മരണത്തോടെയാണ് നിപ വൈറസ് ആണെന്ന് കണ്ടെത്തുന്നത്. പിന്നീട് നിപ ബാധിച്ചവരെല്ലാം മരിച്ചു. 17 പേര്‍ നിപ വൈറസിന്‍റെ ഇരകളായി. പന്തിരിക്കരയിലെ സാബിത്തില്‍ നിന്നായിരുന്നു തുടക്കം. സഹോദരന്‍ സ്വാലിഹ്, പിതാവ് മൂസ, ബന്ധു മറിയം. ഒടുവില്‍ രസിനും അഖിലും. മരിച്ചവരില്‍ അധികപേര്‍ക്കും അസുഖം പകര്‍ന്നത് ആശുപത്രികളില്‍ വെച്ച്. മെഡിക്കല്‍ കോളേജിലേക്ക് നിപ രോഗലക്ഷണങ്ങളോടെ ദിവസേന ആളുകള്‍ ചികിത്സ തേടിയെത്തി. ഇവരുടെയെല്ലാം രക്തസാമ്പിളുകള്‍ നിലവില്‍ നെഗറ്റീവാണ്. നേരത്തെ രോഗം സ്ഥിരീകരിച്ച നഴ്സിംഗ് സ്റ്റുഡന്‍റിനും മലപ്പുറം സ്വദേശിക്കും നിപ വൈറസ് ഇല്ലെന്ന് രണ്ടാമത്തെ പരിശോധനഫലം . ഇതോടെ രോഗം സ്ഥിരീകരിച്ച ആരും ആശുപത്രിയില്‍ ചികിത്സയിലില്ല.
നിപ വൈറസില്‍ നിന്നും പൂര്‍ണ്ണമായും മുക്തമായി എന്ന് പറയണമെങ്കില്‍ കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരും. രോഗം ബാധിച്ച അവസാന വ്യക്തിയുടെ ഇന്‍ക്യുബേഷന്‍ കാലാവധി കഴിഞ്ഞ് മറ്റൊരാള്‍ക്കും അസുഖം പകര്‍ന്നില്ല എന്ന് തിരിച്ചറിയുന്ന ആ ദിവസം വരെ.