നിപ മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകനയോഗം കൊച്ചിയിൽ

കേന്ദ്രസംഘത്തിന്‍റെ സഹായത്തോടെ വിവിധ ഇടങ്ങളിൽ ഇന്നും തുടരും. അദ്ധ്യയനവർഷം തുടങ്ങുന്നതിനാൽ ഇന്ന് മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും സജീവമാക്കാനാണ് സർക്കാരിന്റെ ശ്രമം..

0

കൊച്ചി: സംസ്ഥാനത്ത് നിപ ബാധസ്‌തികരിച്ച സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ അവലോകന യോഗം ചേരും. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന കേന്ദ്രസംഘത്തിന്‍റെ സഹായത്തോടെ വിവിധ ഇടങ്ങളിൽ ഇന്നും തുടരും. അദ്ധ്യയനവർഷം തുടങ്ങുന്നതിനാൽ ഇന്ന് മുതൽ സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശീലന പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും സജീവമാക്കാനാണ് സർക്കാരിന്റെ ശ്രമം.

കളമശ്ശേരിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച അഞ്ച് പേരുടെയും രക്തസ്രവ സാംപിളുകൾ പരിശോധനക്കായി പുനെ ഉൾപ്പടെയുള്ള ലാബുകളിലേക്ക് അയച്ചിരുന്നു. പ്രാഥമിക നിഗമനത്തിൽ ഈ പരിശോധന ഫലം ആശങ്കയ്ക്ക് വഴി വയ്ക്കുന്നതല്ലെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ചിരിക്കുന്ന സൂചന. ഇന്ന് രാത്രിയോ,നാളെ രാവിലെയോ സ്ഥിരീകരിച്ച പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ പരിശോധനാ ഫലത്തിന് കാത്ത് നിൽക്കാതെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നുണ്ട്. ജില്ലയില്‍ ഇതുവരെ മൃഗങ്ങളില്‍ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിപ ഉറവിടം സംശയിക്കുന്ന മൂന്ന് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ചെന്നൈയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്‍റെ പരിശോധന തുടരുകയാണ്. വിവിധ തലത്തിലായി നടക്കുന്ന പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി വിലയിരുത്തും.

നിപ ബാധിതനുമായി നേരിട്ട ബന്ധപ്പെട്ട അഞ്ച് പേർക്ക് പുറമെ കോതമംഗലം, അങ്കമാലി സ്വദേശികളെ കൂടി കഴിഞ്ഞ ദിവസം ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ആവശ്യമെങ്കിൽ ഇവരുടെ രക്തസ്രവ സാംപിളുകളും പരിശോധനക്കയക്കും. നിലവിൽ 314 പേരാണ് നിരീക്ഷണത്തിൽ തുടരുന്നത്. നിപ ബാധിതനായി ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചതും നിലവിലെ സാഹചര്യത്തിൽ ആശ്വാസകരമായി. പനി കുറവുണ്ടെന്നും,ഭക്ഷണം കഴിക്കാനാകുന്നുണ്ടെന്നുമാണ് മെഡിക്കൽ ബുള്ളറ്റിൻ വഴി അറിയിച്ചത്. സ്കൂളുകൾ ഇന്ന് തുറക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം കർശനമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ പരിശീലനം നൽകിവരികയാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും.

You might also like

-