6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും
ഇടുക്കിയിൽ സി പി മാത്യു നിലവിലെ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറിൽ നിന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കും
തിരുവനന്തപുരം: സംസ്ഥന കോൺഗ്രസ്സിൽ തമ്മിലടി നിലനിൽക്കെ 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് പുതിയ അധ്യക്ഷന്മാർ ഇന്ന് ചുമതല ഏൽക്കുന്നത്. എന്നാൽ ചടങ്ങിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കാനിടയില്ല.കൊല്ലത്തെ പി രാജേന്ദ്രപ്രസാദും പത്തനംതിട്ടയിൽ സതീഷ് കൊച്ചുപറമ്പിലുമാണ് ഡിസിസി പ്രസിഡന്റുമാരായി ചുമതലയേൽക്കുക. ഇടുക്കിയിൽ സി പി മാത്യു നിലവിലെ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാറിൽ നിന്നാണ് അധ്യക്ഷ പദവി ഏറ്റെടുക്കും. പാലക്കാട് രാവിലെ 10 മണിക്ക് എ തങ്കപ്പൻ ഡിസിസി അധ്യക്ഷനായി സ്ഥാനമേൽക്കും. എ വി ഗോപിനാഥിനെ മറികടന്നാണ് എ തങ്കപ്പൻ പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ അമരത്ത് എത്തിയത്. കോട്ടയം ഡിസിസി പ്രസിഡന്റായി നാട്ടകം സുരേഷ് ഇന്ന് ചുമതലയേൽക്കും.
അതേസമയം കെ.പി.സി.സി- ഡി.സി.സി പുനസ്സംഘടനക്ക് സമവായ ഫോർമുലയുമായി നേതൃത്വം. ഡി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും. മുന്‍ ഡി.സി.സി അധ്യക്ഷന്മാര്‍ അടക്കമുളളവര്‍ സമിതിയില്‍ അംഗങ്ങളാകും. ഇവര്‍ സമര്‍പ്പിക്കുന്ന പട്ടിക കെ.പി.സി.സി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കും. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതാകും പുതിയ ഡി.സി.സി ഭാരവാഹി പട്ടിക. ഒരു മാസത്തിനുളളില്‍ കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറാക്കാനും തീരുമാനമുണ്ട്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെ. സുധാകരനും വി.ഡി സതീശനും ചർച്ച നടത്തും. ഇരുവരെയും വിശ്വാസത്തിലെടുത്ത് വേണം രണ്ടാം ഘട്ട അഴിച്ചുപണിയെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍റ് നല്‍കിയിട്ടുള്ളത്. രണ്ട് ദിവസങ്ങളിലായി കണ്ണൂര്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായ ഫോര്‍മുലയ്ക്ക് ഏകദേശ രൂപമായത്. പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന എ.വി ഗോപിനാഥുമായി കെ.സുധാകരന്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. പരസ്യ പ്രസ്താവനയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത കെ. ശിവദാസന്‍ നായര്‍ക്കെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.