നെഹ്‌റുവിന്റെ നിലപാടാണ് പാക് അധിനത കശ്മീർ ഉണ്ടാകാൻ കാരണം : അമിത് ഷാ
1947 ൽ പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണം നടത്തുമ്പോഴാണ് നെഹ്റു വെടിനിർത്തൽ പ്രഖ്യാപിച്ചത്.
മുംബൈ:സ്വാതന്ത്ര്യാനന്തരം കശ്മീർ വിഭജിച്ചു പാക് അധീന കശ്മീർ ഉണ്ടാകാൻ കാരണക്കാരൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നിലപാടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1947 ൽ പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്കെതിരെ ഇന്ത്യൻ സൈന്യം ശക്തമായ ആക്രമണം നടത്തുമ്പോഴാണ് നെഹ്റു വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഈ വെടിനിർത്തൽ പ്രഖ്യാപിച്ചത് കൊണ്ടാണ് പാക് അധീന കശ്മീർ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
“രാഹുൽ ഗാന്ധി പറയുന്നത് കശ്മീർ വിഷയം രാഷ്ട്രീയമാണെന്നാണ്. രാഹുൽ ബാബ, താങ്കൾ രാഷ്ട്രീയത്തിൽ വന്നത് ഇപ്പോഴാണ്. പക്ഷെ ബിജെപിയുടെ മൂന്ന് തലമുറ കശ്മീരിന് വേണ്ടി ജീവൻ നൽകി, 370ാം വകുപ്പ് എടുത്തുകളയണം എന്ന് പറഞ്ഞു. ഇത് ഞങ്ങൾക്ക് രാഷ്ട്രീയവിഷയമല്ല, അവിഭക്ത ഭാരത മാതാവ് എന്ന ഞങ്ങളുടെ ലക്ഷ്യമാണ്,” അമിത് ഷാ പറഞ്ഞു.
മുംബൈയിൽ മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. 305 സീറ്റുകളുമായി രണ്ടാം തവണയും സർക്കാരുണ്ടാക്കിയ ശേഷം പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരതയെ താൻ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.