എ.ഐ.എ.ഡി.എം.കെയെ ദേവികുളത്ത് ഒപ്പം കൂട്ടാൻ എൻഡിഎ
ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വം അറിയിച്ചു
ദേവികുളത്ത് എ.ഐ.എ.ഡി.എം.കെയെ ഒപ്പം കൂട്ടാൻ എൻഡിഎ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എ.ഐ.എ.ഡി.എം.കെ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ബിജെപി 9,592 വോട്ടുകൾ നേടിയപ്പോൾ എ.ഐ.എ.ഡി.എം.കെ 11,613 വോട്ട് നേടി. തമിഴ് വംശജർ ഏറെയുള്ള മണ്ഡലത്തിൽ എ.ഐ.എ.ഡി.എം.കെക്കുള്ള സ്വാധീനം മനസിലാക്കിയാണ് പാർട്ടിയുമായി കൈകോർക്കാൻ ബിജെപി ഒരുങ്ങുന്നത്. നിലവിൽ തമിഴ്നാട്ടിൽ മുന്നണിയോട് ചേർന്ന് നിൽക്കുന്ന എ.ഐ.എ.ഡി.എം.കെയെ ദേവികുളത്തും ഒപ്പം കൂട്ടുന്നതോടെ മണ്ഡലത്തിലെ വോട്ട് ഷെയറിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടുന്നത്. എന്നാൽ ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് എ.ഐ.എ.ഡി.എം.കെ നേതൃത്വം അറിയിച്ചു.