ദേശീയതലത്തിൽ പ്രതിപക്ഷഐക്യം ; ബിജെപിയ്ക്കെതിരെ ഒന്നിച്ച് നീങ്ങാന്‍ 21 പാർടികൾ

ജനാധിപത്യം സംരക്ഷിക്കുന്നതിനാണ‌് ഒന്നിച്ചു നീങ്ങുന്നതെന്ന‌് യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു

0

ഡൽഹി : രാജ്യത്തിന്റെ ഭരണഘടനയെയും നിയമപരമായി സ്ഥാപിതമായ സംവിധാനങ്ങളെയും തകർക്കുന്ന ബിജെപി‐ആർഎസ‌്എസ‌് സർക്കാരിനെ പുറത്താക്കാൻ ആവശ്യമായ പ്രവർത്തനം നടത്താൻ 21 പ്രതിപക്ഷപാർടികളുടെ യോഗം തീരുമാനിച്ചു.

ജനാധിപത്യം സംരക്ഷിക്കുന്നതിനാണ‌് ഒന്നിച്ചു നീങ്ങുന്നതെന്ന‌് യോഗത്തിനുശേഷം നേതാക്കൾ പറഞ്ഞു. റിസർവ‌്ബാങ്ക‌് ഗവർണർക്കുതന്നെ രാജിവച്ച‌് പുറത്തുപോകേണ്ടിവന്നത‌് രാജ്യം നേരിടുന്ന അപകടകരമായ സ്ഥിതിയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തെലുങ്കുദേശം അധ്യക്ഷനും ആന്ധ്രപ്രദേശ‌് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും പറഞ്ഞു.

പാർലമെന്റ‌് മന്ദിരത്തിൽ തിങ്കളാഴ‌്ച വൈകിട്ട‌് ചേർന്ന യോഗത്തിൽ കോൺഗ്രസ‌് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻസിങ‌്, എ കെ ആന്റണി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, മുൻപ്രധാനമന്ത്രിയും ജെഡിഎസ‌് നേതാവുമായ ദേവഗൗഡ, ഡിഎംകെ അധ്യക്ഷൻ എം കെ സ‌്റ്റാലിൻ, നാഷണൽ കോൺഫറൻസ‌് അധ്യക്ഷൻ ഫാറൂഖ‌് അബ്ദുള്ള, എൻസിപി അധ്യക്ഷൻ ശരത‌്‌പവാർ, തൃണമൂൽ കോൺഗ്രസ‌് അധ്യക്ഷ മമത ബാനർജി, ആർജെഡി നേതാവ‌് തേജസ്വി യാദ‌വ‌്, എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ‌് കെജ‌്‌രിവാൾ, എൽജെഡി നേതാവ‌് ശരത‌് യാദവ‌് തുടങ്ങിയവരും പങ്കെടുത്തു.

റഫേൽ യുദ്ധവിമാന ഇടപാടിനെക്കുറിച്ച‌് സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കാൻ യോഗം തീരുമാനിച്ചു. സിബിഐ, റിസർവ‌്ബാങ്ക‌് തുടങ്ങിയ സ്ഥാപനങ്ങൾക്കുനേരെ സർക്കാർ നടത്തുന്ന ആക്രമണം എല്ലാ അതിരും ലംഘിച്ചു. ബാങ്കുകളുടെ പണം കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക‌് അവസരം നൽകുകയാണ‌്. കർഷകർ ആത്മഹത്യചെയ്യുമ്പോൾ പ്രധാനമന്ത്രി മൗനത്തിലാണ‌്.

അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗിക്കുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ആദായനികുതി വകുപ്പിനെയും എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റിനെയും ഉപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷനേതാക്കൾ പറഞ്ഞു. രാജ്യം നേരിടുന്ന പ്രശ‌്നങ്ങൾ സംബന്ധിച്ച‌് രാഷ്ട്രപതിയെ സന്ദർശിച്ച‌് നിവേദനം നൽകാനും യോഗത്തിൽ ധാരണയായി. ഈ യോഗത്തിൽ പങ്കെടുക്കാത്ത പാർടികളുടെ സഹകരണം തേടാൻ തീരുമാനിച്ചു.

You might also like

-