ജുഡീഷ്യൽ അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം ജാള്യത മറക്കാൻ
ആഗസ്ത് 9നാണ് ഇടുക്കിഡാം തുറന്ന് വെള്ളം ഒഴുക്കിയത്. എന്തുകൊണ്ട് അതിനു മുമ്പ് ഷട്ടർ തുറന്നില്ല? ഈ ചോദ്യം സ്വാഭാവികമായും ഉയർന്നുവന്നു. ആഗസ്ത് 4ന് 2396.34 അടി ആയിരുന്നു ജലനിരപ്പെങ്കിൽ ആഗസ്ത് 6ന് കുറഞ്ഞു. ആഗസ്ത് 9ന് വീണ്ടും ഉയർന്ന് 2398.4 ആയി.
കാലവർഷക്കെടുതി മനുഷ്യനിർമ്മിതമാണെന്ന പ്രതിപക്ഷ ആരോപണം വാസ്തവവിരുദ്ധവും അബദ്ധജടിലവുമാണ്. ഡാമുകളുടെ സംഭരണശേഷിയെക്കാൾ കൂടുതൽ വെള്ളം സംഭരിച്ചാൽ ഡാമുകൾ തകരുകയും ഇതിനെക്കാൾ വലിയ ദുരന്തം ഉണ്ടാവുകയും ചെയ്യുമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അതായിരിക്കും ഏറ്റവും കുറ്റകരവും. ഡാമുകളിലെ വെള്ളം നിയന്ത്രിതമാണ്. നിയന്ത്രിതമാണെങ്കിലും സംഭരണശേഷിയെക്കാൾ കൂടുതൽ സംഭരിക്കാൻ പാടില്ല. നദികളിലും കായലുകളിലും വെള്ളം നിയന്ത്രിക്കാനുള്ള സംവിധാനവുമില്ല. മൺസൂൺ ആരംഭം മുതൽ ആഗസ്ത് 1 വരെ സാധാരണ ലഭിക്കുന്നതിനെക്കാൾ 15 ശതമാനം അധികമഴയും ആഗസ്ത് 1 മുതൽ 8 വരെ 38 ശതമാനം അധികമഴയും ലഭിച്ചപ്പോൾ ആഗസ്ത് 8ന് ശേഷം 362 ശതമാനമായി മഴയുടെ അളവ് ഭീതിതമായി ഉയർന്നു. ഇടുക്കിയിലാകട്ടെ 568 ശതമാനം അധികമഴ! മാധ്യമങ്ങൾ വിശേഷിപ്പിച്ച ‘പെരുംവെള്ള’ത്തിന്റെ കാരണവും ഇതുതന്നെ.
ആഗസ്ത് 9നാണ് ഇടുക്കിഡാം തുറന്ന് വെള്ളം ഒഴുക്കിയത്. എന്തുകൊണ്ട് അതിനു മുമ്പ് ഷട്ടർ തുറന്നില്ല? ഈ ചോദ്യം സ്വാഭാവികമായും ഉയർന്നുവന്നു. ആഗസ്ത് 4ന് 2396.34 അടി ആയിരുന്നു ജലനിരപ്പെങ്കിൽ ആഗസ്ത് 6ന് കുറഞ്ഞു. ആഗസ്ത് 9ന് വീണ്ടും ഉയർന്ന് 2398.4 ആയി. പിന്നീട് വിവിധ ദിവസങ്ങളിൽ വെള്ളം തുറന്നുവിടുന്ന അളവ് വർദ്ധിപ്പിക്കേണ്ടിവന്നു. കാരണം, വൃഷ്ടിപ്രദേശത്തും പെരുമഴ പെയ്തുകൊണ്ടിരുന്നു.
ഡാമുകൾ തുറക്കുന്നതിന് മുമ്പു തന്നെ വെള്ളം ഒഴുകിപ്പോകേണ്ട നദീതീരങ്ങളിലെല്ലാം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉച്ചഭാഷിണികളിലൂടെയും അല്ലാതെയും മുന്നറിയിപ്പുകൾ നൽകി ജനങ്ങളെ ജാഗരൂകരാക്കിയിരുന്നു. അധികം വെള്ളത്തിനുവേണ്ടി പലപ്പോഴും ശണ്ഠകൂടുന്ന തമിഴ്‌നാട്ടിലെയും കർണ്ണാടകത്തിലെയും മുല്ലപ്പെരിയാർ, കബനി ഡാമുകൾ ഉൾപ്പെടെയുള്ള പലതും തുറക്കേണ്ടിവന്നു. കേരളത്തിലെ ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കിയത് തെറ്റാണെന്ന് പറയുന്ന പ്രതിപക്ഷം തമിഴ്‌നാട് തുറന്നുവിടാത്തതാണ് തെറ്റെന്ന് പറയുന്നു. അയൽ സംസ്ഥാനങ്ങൾ സ്വീകരിച്ച അതേ നടപടിയാണ് കേരളത്തിലും സ്വീകരിച്ചത്.
മനുഷ്യനിർമിത ദുരന്തമാണെന്ന പ്രതിപക്ഷ ആരോപണം ശരിയാണെങ്കിൽ ഉത്തരവാദി കേന്ദ്ര കാലാവസ്ഥാ വകുപ്പാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ (7 മുതൽ 11 സെ.മീ. വരെ) അതിശക്തമായ മഴ (12 മുതൽ 20 സെ.മീ. വരെ) അതിതീവ്രമഴ (20 സെ.മീ.ന് മുകളിൽ) എന്നീ വിധത്തിലാണ് സാധാരണ നിലയിൽ പ്രവചനം നടത്താറുള്ളത്. ആഗസ്ത് 9 മുതൽ 15 വരെ 9.85 സെ.മീ. മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതെങ്കിൽ കിട്ടിയത് 35.22 സെ.മീ. ആണ്. ആഗസ്തിൽ ഒരിക്കലും അതിതീവ്രമഴ (20 സെ.മീ കൂടുതൽ) കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. പ്രവചനത്തെക്കാൾ എത്രയോ കൂടുതലായിരുന്നു മഴ. ബാണാസുരസാഗർ അടക്കമുള്ള മറ്റു ഡാമുകളുടെ സ്ഥിതിയും സമാനമാണ്. ഡാമുകളുടെ സംഭരണശേഷിയെക്കാൾ കൂടുതൽ നീരൊഴുക്കുണ്ടായപ്പോൾ മാർഗരേഖയനുസരിച്ചുള്ള മുന്നറിയിപ്പുകൾ നൽകിക്കൊണ്ട് വെള്ളം തുറന്നുവിട്ടു. വിവിധ ഡാമുകൾ വിവിധ തീയതികളിലാണ് ഷട്ടറുകൾ തുറന്നത് എന്നത് തെളിയിക്കുന്നത് ഓരോ ഡാമിന്റെയും ജലനിരപ്പിനെ അടിസ്ഥാനമാക്കിയായിരുന്നു തീരുമാനം എന്നതുതന്നെയാണ്.
ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.എൻ. രാമചന്ദ്രൻ നായർ പെയ്തിറങ്ങിയ മഴയാണ് പ്രളയത്തിന് കാരണമെന്നും ഡാമുകൾ തുറന്നുവിട്ടതല്ലെന്നും നേരത്തെ തന്നെ വ്യക്തമാക്കുകയുണ്ടായി. സുപ്രീംകോടതിയാവട്ടെ, മുല്ലപ്പെരിയാർ ഡാമിൽ 139 അടിയിൽ കൂടുതൽ വെള്ളം സൂക്ഷിക്കരുതെന്നും തുറന്നുവിടണമെന്നും വ്യക്തമായും നിർദ്ദേശിച്ചു. കേന്ദ്ര ജല കമ്മീഷനാണ് രാജ്യത്തെ ഈ മേഖലയിൽ അഭിപ്രായം പറയാനുള്ള ആധികാരികമായ ഏജൻസി. അവരും സുപ്രീംകോടതിക്ക് നൽകിയ റിപ്പോർട്ടിൽ സമാന നിലപാട് സ്വീകരിച്ചു. സാങ്കേതിക വിദഗ്ദ്ധരും ജുഡീഷ്യൽ ഫോറങ്ങളും ഒരേ നിലപാടാണ് സ്വീകരിച്ചത്. ഡാം അല്ല, പെയ്തിറങ്ങിയ മഴയാണ് പ്രളയത്തിന് കാരണം. നിയമസഭ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം ഈ ശരിയും ശാസ്ത്രീയവുമായ അഭിപ്രായത്തോടൊപ്പം നിന്നു.ദുരിതാശ്വാസത്തിൽ രാഷ്ട്രീയമില്ല എന്ന പ്രതിപക്ഷാഭിപ്രായം മാനിക്കുമ്പോൾ തന്നെ പ്രളയത്തിലും പ്രളയക്കെടുതിയുടെ കാരണങ്ങളിലും രാഷ്ട്രീയമൊന്നുമില്ല. ശരിയായതും ശാസ്ത്രീയവുമായ നിലപാടുകൾ മാത്രം.
എം.വി. ജയരാജൻ