കുട്ടികളെ തട്ടിക്കൊണ്ട് പോകൽ വ്യാജ പ്രചാരണം; 2017 മുതല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 33 പേര്‍

2017ന് മുമ്പ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരിലുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് 2012 ല്‍ ബീഹാറിലാണ്

0

ഡൽഹി :കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണം; 2017 മുതല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 33 പേര്‍
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലെ നുണ പ്രചാരണത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. 2017 മുതല്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 33 പേരാണ്. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ ആര്‍ക്കും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമായി ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ ആയിട്ടില്ല.ആക്രമണങ്ങളില്‍ മൂന്നില്‍ ഒന്നും നടന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ജൂലായ് 5 വരെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നുണ്ടായ ജനക്കൂട്ടാക്രമണത്തില്‍ രാജ്യത്ത് 24 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

2017 ല്‍ ഇത് 11 ആയിരുന്നു. ഈ മാസം ആറ് വരെ 9 ആക്രമണങ്ങളിലായി 5 പേരാണ് കൊല്ലപ്പെട്ടത്. 21 ആക്രമണങ്ങളിലായി 181 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും കൊല്ലപ്പെട്ടവര്‍ക്ക് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ആയിട്ടില്ല. ആക്രമണങ്ങളില്‍ ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്തത് ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലുമാണ്. ജാര്‍ഖണ്ഡില്‍ 7 ഉം മഹാരാഷ്ട്രയില്‍ 5 ഉം പേര്‍ മരിച്ചു.

ജനക്കൂട്ട ആക്രമണത്തിന് എതിരെ നടപടി എടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ജൂലായ് അഞ്ചിന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജൂലായ് ആറിന് കര്‍ണാടകയിലും അസമിലും വീണ്ടും ആക്രമണമുണ്ടായി. ജനക്കൂട്ടത്തിന്‍റെ ആക്രമണം പരിധി വിട്ടതോ കേന്ദ്ര സര്‍ക്കാര്‍ വാട്സ് ആപിന് നോട്ടീസ് അയച്ചിരുന്നു.

2017ന് മുമ്പ് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരെന്ന പേരിലുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്തത് 2012 ല്‍ ബീഹാറിലാണ്. 2010 മുതലുള്ള ഇംഗ്ലീഷ് ദിനപത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

You might also like

-