മൂന്നാ‍ർ ട്രൈബ്യൂണൽ തുക്രമിച്ചുകയറിയെന്ന ആരോപണം; എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ കേസ്

മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് എസ് രാജേന്ദ്രൻ എംഎൽഎയും സംഘവും കയ്യേറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദേവികുളം സബ്കളക്ടർ ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നലെയാണ് നടപടി.

0

മൂന്നാർ: എസ് രാജേന്ദ്രൻ എംഎൽഎയ്ക്ക് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്. മൂന്നാ‍ർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് കയ്യേറിയതിന് എതിരെയാണ് കേസ് എടുത്തത്. എംഎൽഎയ്ക്കൊപ്പമുള്ള സംഘത്തിൽ ഉണ്ടായിരുന്ന ദേവികുളം തഹസീൽദാർക്കും എതിരെ കേസെടുക്കും. അതിക്രമിച്ച് കടക്കൽ, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം  തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസ്. എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന അമ്പതോളം പേർക്ക് എതിരെയും കേസെടുക്കും.

മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് എസ് രാജേന്ദ്രൻ എംഎൽഎയും സംഘവും കയ്യേറാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ദേവികുളം സബ്കളക്ടർ ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നലെയാണ് നടപടി. ഓഫീസ് കയ്യേറാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മൂന്നാർ ഗവൺമെന്‍റ് കോളേജ് വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുകയാണ് ചെയ്തതെന്നും എസ് രാജേന്ദ്രൻ പ്രതികരിച്ചു.

മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് ജീവനക്കാരിൽ നിന്ന് വിവരങ്ങൾ തേടിയശേഷമാണ് ദേവികുളം സബ്കളക്ടർ പ്രാഥമിക റിപ്പോ‍ർട്ട് തയ്യാറാക്കിയത്. ട്രൈബ്യൂണൽ കെട്ടിടം വിട്ടുകൊടുക്കാൻ ആഭ്യന്തര വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നില്ലെന്നും എംഎൽഎയും സംഘവും ബലമായി കെട്ടിടം ഒഴിപ്പിക്കുകയായിരുന്നെന്നും ജീവനക്കാർ മൊഴി നൽകിയെന്നാണ് സൂചന.കഴിഞ്ഞ ദിവസം വൈകീട്ടാണ് തഹസീൽദാർക്കൊപ്പം എത്തിയ എംഎൽഎയും അമ്പതോളം പാർട്ടി പ്രവർത്തകരും ചേർന്ന് പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് കയ്യേറി ക്ലാസ് മുറികളാക്കി മാറ്റിയത്. ജീവനക്കാർ ഇത് ചോദ്യം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഉരുൾപൊട്ടലിൽ മൂന്നാർ ഗൺമെന്‍റ് കോളേജ് തകർന്നതോടെ ഒരു മാസമായി അധ്യയനം നടക്കുന്നില്ല. ഇതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം തെരുവിൽ പഠനം നടത്തി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്ന് പഠനത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി നൽകുകയായിരുന്നെന്നും മറിച്ചുള്ള വാദങ്ങൾ അവാസ്തവമാണെന്നും എസ് രാജേന്ദ്രൻ എംഎൽഎ പറഞ്ഞു.മൂന്നാറിലെയും സമീപത്തെ എട്ട് വില്ലേജുകളിലെയും ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിന് 2011ൽ ആരംഭിച്ച പ്രത്യേക ട്രൈബ്യൂണലിന്‍റെ പ്രവർത്തനം രണ്ട് മാസം മുമ്പ് സർക്കാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ കേസുകളുടെ ഫയലുകൾ ഇവിടെ നിന്ന് മാറ്റിയിരുന്നില്ല. പൊലീസിൽ പരാതി നൽകിയെന്നും കയ്യേറ്റത്തിനിടെ ഓഫീസിൽ നിന്ന് ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ട്രൈബ്യൂണൽ ജീവനക്കാർ അറിയിച്ചു

ചൊവ്വാഴ്ച ഉച്ചക്കാണ് എസ്.രാജേന്ദ്രൻ എം.എൽ.എ, ദേവികുളം തഹസീൽദാർ പി.കെ.ഷാജി, ഗവ.കോളേജിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ നേത്യത്വത്തിൽ ട്രിബ്യൂണൽ കോടതിയിലെത്തിയത്. ഉരുൾപൊട്ടലിൽ തകർന്ന ഗവ.കോളേജ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടിയാണ് ഇവരെത്തിയത്. ഈ സമയം ട്രിബ്യൂണൽ അംഗം എൻ.കെ.വിജയൻ, ജീവനക്കാർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു. കെട്ടിടത്തിന്റെ മുകൾനിലയിലെ മുറികളുടെ താക്കോൽ എം.എൽ.എ ആവശ്യപ്പെട്ടു. ജീവനക്കാർ താക്കോൽ കൊണ്ടുവരുന്നതിന് മുൻപ് സംഘത്തിലുണ്ടായിരുന്നവർ പുട്ടുകൾ തകർന്ന് ഉപകരണങ്ങൾ പുറത്തേക്ക് എറിയുകയായിരുന്നു.

 

 

You might also like

-