അഫ്ഗാനിൽ താലിബാൻ ഇടക്കാല സർക്കാർ മുല്ല ഹസൻ അഖുണ്ഡ് ആക്ടിംഗ് പ്രധാനമന്ത്രി.
ഹഖാനി ഗ്രൂപ്പ് സ്ഥാപകന്റെ മകൻ സറാജുദ്ദീൻ ഹഖാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. യുഎസിന്റെ ഉപരോധ പട്ടികയിൽ ഉളള ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്. താലിബാന്റെ അഫ്ഗാനിലെ ഉന്നത നേതാവ് അബ്ബാസ് സ്റ്റാനിക്‌സായ് ആണ് വിദേശകാര്യ മന്ത്രി. താലിബാൻ വക്താവ് സബിയുളള മുജാഹിദ് ആണ് കാബൂളിൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിച്ച് താലിബാൻ. കൊല്ലപ്പെട്ട താലിബാൻ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസൻ അഖുണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതിരോധമന്ത്രി. താലിബാൻ രാഷ്‌ട്രീയ കാര്യ വിഭാഗം തലവനും സഹസ്ഥാപകനുമായ മുല്ല അബ്ദുൾ ഖാനി ബരാദർ ഉപഭരണാധികാരിയാകും.
ഹഖാനി ഗ്രൂപ്പ് സ്ഥാപകന്റെ മകൻ സറാജുദ്ദീൻ ഹഖാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. യുഎസിന്റെ ഉപരോധ പട്ടികയിൽ ഉളള ഭീകരസംഘമാണ് ഹഖാനി ഗ്രൂപ്പ്. താലിബാന്റെ അഫ്ഗാനിലെ ഉന്നത നേതാവ് അബ്ബാസ് സ്റ്റാനിക്‌സായ് ആണ് വിദേശകാര്യ മന്ത്രി. താലിബാൻ വക്താവ് സബിയുളള മുജാഹിദ് ആണ് കാബൂളിൽ മന്ത്രിമാരുടെ പേരുകൾ പ്രഖ്യാപിച്ചത്.33 അംഗ മന്ത്രിസഭയാണ് താലിബാൻ പ്രഖ്യാപിച്ചത്. പട്ടിക പൂർണമല്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുളളവർക്ക് പങ്കാളിത്തമുണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ആഗസ്റ്റ് 31 ഓടെ അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതോടെ നിയന്ത്രണം പൂർണമായും താലിബാന്റെ കൈവശമെത്തി. യുഎൻ ഭീകരരുടെ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് താലിബാൻ സർക്കാരിനെ നയിക്കുന്ന മുഹമ്മദ് ഹസൻ മഅഖുന്ദ്.
സർക്കാർ രൂപീകരണത്തോടൊപ്പം അഫ്ഗാനെ ഇസ്ലാമിക് എമിറേറ്റായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ആക്ടിംഗ് ഭരണാധികാരികളായിരിക്കുമെന്നും സബിയുളള മുജാഹിദ് വ്യക്തമാക്കി.
തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചിട്ടും പഞ്ച്ശീർ കീഴടക്കാൻ കഴിയാഞ്ഞതും ഭീകരസംഘടനയ്‌ക്കുള്ളിലെ അധികാര തർക്കവുമാണ് സർക്കാർ രൂപീകരണം വൈകിപ്പിച്ചത്.അതേസമയം താലിബാന്റെ ഉന്നത നേതാവായ മുല്ല ഹെയ്ബത്തുളള അഖുണ്ഡ്‌സാദയുടെ പങ്ക് സംബന്ധിച്ച് അവ്യക്തത അവശേഷിക്കുകയാണ്.
അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനെതിരേ പ്രതിഷേധവും ശക്തമാകുന്നു. താലിബാൻ ഭീകരർ പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടിട്ടില്ല. പടിഞ്ഞാറൻ അഫ്ഗാൻ നഗരമായ ഹെറാത്തിൽ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം അഫ്ഗാനിൽ താലിബാനെതിരെയും പാക്കിസ്ഥാനെതിരെയും വലിയ പ്രതിക്ഷേധങ്ങളാണ് നടക്കുന്നത് നേരത്തെ കാബൂളിലും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തിരുന്നു. മൂന്ന് ദിവസങ്ങളായി കാബൂളിലും ഹെറാത്തിലും താലിബാനെതിരേ സ്ത്രീകൾ അടക്കമുളള പ്രതിഷേധക്കാർ സജീവമായി തെരുവിൽ ഇറങ്ങുന്നുണ്ട്. വനിതകൾക്ക് ജോലി ചെയ്യാനുളള അവകാശത്തിന് വേണ്ടിയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാനുളള അനുമതിക്ക് വേണ്ടിയുമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതിഷേധം. പിന്നീട് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തും പ്രതിഷേധങ്ങൾ നടന്നു.
سلګونه کسانو نن په کابل کې د پاکستان سفارت مخې ته لاریون کړی او د پاکستان خلاف شعارونه یې ورکړي.#طلوعنیوز pic.twitter.com/0EgDK6PYTc
— TOLOnews (@TOLOnews) September 7, 2021
അതേസമയം പുതിയ സർക്കാർ ശരിയത്ത് നിയമപ്രകാരമായിരിക്കും പ്രവർത്തിക്കുകയെന്ന് താലിബാൻ നേതാവ് ഹിബാത്തുളള അഖുണ്ഡ്‌സാദ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ പൗരൻമാരും കഠിനമായി പരിശ്രമിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹിബാത്തുളള പറഞ്ഞു. പൊതുവിൽ അധികം പ്രത്യക്ഷപ്പെടാത്ത ഹിബാത്തുളള ഇംഗ്ലീഷിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജനങ്ങൾ രാജ്യം വിട്ടുപോകരുതെന്നും പുതിയ നേതൃത്വം സമാധാനവും സുസ്ഥിരതയും വികസനവും ഉറപ്പുവരുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം വൈകിട്ടോടെയാണ് താലിബാൻ കാവൽ സർക്കാരിനെ പ്രഖ്യാപിച്ചത്.