മദര്‍ മറിയം ത്രേസ്യ ഇനി വിശുദ്ധ
അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്.
വത്തിക്കാൻസിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹ സ്ഥാപക മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് വിശുദ്ധ പ്രഖ്യാപനം നടത്തിയത്. കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍, സിസ്റ്റര്‍ ജിയൂസിപ്പിന വന്നിനി, മാര്‍ഗിരിറ്റ ബേയ്സ, സിസ്റ്റര്‍ ഡല്‍സ് ലോപ്പേസ് പോന്തേസ് എന്നിവരേയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങ്. . ചടങ്ങിന് സാക്ഷികളായി ഇന്ത്യന്‍ സമൂഹവും വത്തിക്കാനിലുണ്ട്.
മറിയം ത്രേസ്യയുടെ ജന്മ ദേശമായ തൃശൂര്‍ ജില്ലയിലെ പുത്തന്‍ ചിറ ഗ്രാമം ഏറെ ആഹ്ലാദത്തോടെയാണ് വിശുദ്ധ പദവി പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. 1876ലാണ് മറിയം ത്രേസ്യയുടെ ജനനം. 1999ല്‍ ധന്യയായും 2000ത്തില്‍ വാഴ്ത്തപ്പെട്ടവളായും മറിയം ത്രേസ്യയെ വത്തിക്കാന്‍ പ്രഖ്യാപിച്ചു.
മറിയം ത്രേസ്യയുൾപ്പടെ അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. കർദിനാൾ ഹെന്റി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണു മറ്റു നാലുപേർ.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നടന്ന ശുശ്രൂഷയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ നാമകരണം നിർവഹിച്ചത്.വിശുദ്ധരായി ഉയർത്തപ്പെടുന്നവരുടെ രൂപതാധ്യക്ഷന്മാർ സഹ കാർമികരായി. മറിയം ത്രേസ്യയുടെ രൂപതാധ്യക്ഷൻ എന്ന നിലയിൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനാണ് സഹകാർമികനായത്. അഞ്ചുപേരിൽ മൂന്നാമതായാണ് മറിയം ത്രേസ്യയുടെ പേരു വിളിച്ചത്.വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ആഞ്ചലോ ജിയോവാനി ബെച്ച്യു, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി എന്നിവരും 44 ബിഷപ്പുമാരും ചടങ്ങിൽ സംബന്ധിച്ചു.