ആഫ്രിക്കയിലെ റുവാണ്ട ഗ്രാമീണര്‍ക്ക് നരേന്ദ്ര മോദി 200 പശുക്കളെ സമ്മാനിച്ചു 

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന ഖ്യാതി ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. സന്ദര്‍ശനത്തിന്റെ ഭാഗമായി റുവാണ്ടന്‍ ഗ്രാമീണര്‍ക്ക് മോദി 200 പശുക്കളെ നല്‍കി

0

റുവാണ്ട:റുവാണ്ടയിലെ റുവേരു ഗ്രാമത്തിലെ കര്‍ഷകര്‍ക്കാണ് സമ്മാനമായി മോദി പശുക്കളെ നല്‍കിയത്. ഗ്രാമീണര്‍ക്കു വേണ്ടിയുള്ള റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയുടെ പ്രത്യേക പദ്ധതിയായ ‘ഗിരിങ്ക’ യിലേക്കാണ് മോദിയുടെ സംഭാവന.പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം നല്‍കുന്നതാണ് ഗിരിങ്ക പദ്ധതി. 2006ല്‍ റുവാണ്ടയില്‍ തുടങ്ങിയ ഗിരിങ്ക പദ്ധതിയില്‍ ഇതുവരെ 3.5 ലക്ഷം കുടുംബങ്ങള്‍ക്ക് പശുക്കളെ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ നല്‍കുന്ന പശുവിന്റെ ആദ്യ കിടാവിനെ കര്‍ഷകന്‍ തന്റെ അയല്‍വാസിക്ക് നല്‍കണം.

റുവാണ്ടയില്‍ നിന്നു തന്നെ വാങ്ങിയ പശുക്കളെയാണ് മോദി പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. റുവാണ്ട സന്ദര്‍ശന വേളയില്‍ ഗ്രാമീണര്‍ക്ക് പശുക്കളെ നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

റുവാണ്ടയില്‍ പശുക്കളെ സമ്മാനമായി നല്‍കുന്ന ഒരു പാരമ്പര്യം തന്നെയുണ്ട്. മറ്റൊരാള്‍ക്ക് സന്തോഷ സൂചകമായോ സ്ത്രീധനമായോ പശുവിനെ നല്‍കാറുണ്ട്. റുവാണ്ടയ്ക്ക് ഇന്ത്യ പശുക്കളെ നല്‍കുന്നത് അവിടുത്തെ പദ്ധതിയുടെ ഭാഗമായി മാത്രമല്ല ഇന്ത്യന്‍ ജനതയോട് ബഹുമാനത്തോടെ പെരുമാറിയ റുവാണ്ടന്‍ ജനതയ്ക്കുള്ള സമ്മാനമായി ആണെന്നുമാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പറഞ്ഞത്.നരേന്ദ്ര മോദിയുടെ റുവാണ്ടന്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. 1994ല്‍ റുവാണ്ടയിലുണ്ടായ കൂട്ടക്കൊലയില്‍ മരണമടഞ്ഞവരുടെ കിഗാലിയിലെ സ്മാരകത്തിലും മോദി സന്ദര്‍ശനം നടത്തി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് മോദി റുവാണ്ടയിലെത്തിയത്.

You might also like

-