ലോക്സഭയിലേക്ക് പതിനാറ് സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കു: എം എം ഹസൻ

മുസ്‌ലിം ലീഗ്-രണ്ട്, കേരള കോണ്‍ഗ്രസ്-എം- ഒന്ന്, ആർഎസ്പി-ഒന്ന് എന്നീ നിലയിൽ തന്നെയാവും സീറ്റ് വിഭജനം

0

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പതിനാറ് സീറ്റുകളിൽ കോണ്‍ഗ്രസ് മത്സരിക്കുമന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. മുസ്‌ലിം ലീഗ്-രണ്ട്, കേരള കോണ്‍ഗ്രസ്-എം- ഒന്ന്, ആർഎസ്പി-ഒന്ന് എന്നീ നിലയിൽ തന്നെയാവും സീറ്റ് വിഭജനം നടത്തുക. യുഡിഎഫ് കണ്‍വീനർ സ്ഥാനം കോണ്‍ഗ്രസ് തന്നെ വഹിക്കുമെന്നും ലീഗ് ഈ സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഹസൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് സീറ്റ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, “നിങ്ങളോട് ആവശ്യപ്പെട്ടു കാണും, ഞങ്ങളോട് ചോദിച്ചിട്ടില്ല “എന്നാണ് ഹസൻ മറുപടി നൽകിയത്. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതിനെതിരേ യുവനേതാക്കൾ ഫേസ്ബുക്കിൽ നടത്തിയ വിമർശനം ശ്രദ്ധയിൽപെട്ടില്ലേ എന്ന ചോദ്യത്തിന്, പത്രം വായിക്കാനും വാർത്ത കാണാനും നേരമില്ല, പിന്നല്ലേ ഫേസ്ബുക്ക് എന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ മറുപടി.

രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് എംഎൽഎമാർ എല്ലാം യുഡിഎഫ് സ്ഥാനാർഥിക്ക് തന്നെ വോട്ടു ചെയ്യും. വിപ്പ് നൽകി കഴിഞ്ഞാൽ ആർക്കെങ്കിലും മാറ്റി ചെയ്യാൻ കഴിയുമോ എന്നും, അങ്ങനെ സംഭവിച്ചാൽ എന്താകും സ്ഥിതിയെന്ന് എല്ലാവർക്കും അറിവുള്ളതല്ലേയെന്നും ഹസൻ ചോദിച്ചു.

രാജ്യസഭാ സീറ്റ് വിട്ടു നൽകിയതിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധവും വികാരപ്രകടനവും കെപിസിസി മാനിക്കുന്നു. മുന്നണിയുടെ നിലനിൽപ്പിനായാണ് കോണ്‍ഗ്രസ് തത്കാലത്തേക്ക് വിട്ടുവീഴ്ച ചെയ്തത്. അടുത്ത ടേമിൽ ലഭിക്കുന്ന രണ്ടു സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും ഹസൻ വ്യക്തമാക്കി.

You might also like

-