മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്നു പേർക്കെതിരെ തമിഴ്നാട് പൊലിസ് യു.എ.പി.എ ചുമത്തി
മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂര്‍ സ്വദേശിയായ ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരെയാണ് ജയിലിലടച്ചത്.
ചെന്നൈ :അട്ടപ്പാടിയില്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ കുടുംബത്തിലെ മൂന്നു പേരെ തമിഴ്നാട് പൊലിസ് യു.എ.പി.എ ചുമത്തി അറസ്റ്റു ചെയ്തു. മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂര്‍ സ്വദേശിയായ ലക്ഷ്മി, ഭര്‍ത്താവ് ഷാലിവാഹനന്‍, മകന്‍ സുധാകരന്‍ എന്നിവരെയാണ് ജയിലിലടച്ചത്.പൊലീസ് വിലക്ക് ലംഘിച്ച് മണിവാസകത്തിന്റെ ശരീരം ഏറ്റുവാങ്ങി, സംസ്കരിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.
അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയില്‍ 2019 ഒക്ടോബര്‍ 29 നാണ് മണിവാസകം ഉൾപ്പെടെ നാല് പേർ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് . മൃതദേഹം വിട്ടുകൊടുക്കുന്നതും സംസ്കരിയ്ക്കുന്നതും സംബന്ധിച്ച് പോലീസും മരിച്ചവരുടെ ബന്ധുക്കളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ മണിവാസകത്തിന്റെ സഹോദരി, ലക്ഷ്മി മദ്രാസ് ഹൈക്കോടതി മധുര ബഞ്ചിനെ സമീപിച്ചു മൃതദേഹത്തിന്മേൽ അവകാശവാദം ഉന്നയിച്ചു .ഹര്‍ജി അനുവദിച്ച കോടതി മൃതദേഹം വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സംസ്കാര ചടങ്ങില്‍ പങ്കെടുക്കരുതെന്ന് തമിഴ്നാട് പൊലിസ് നാട്ടുകാരെയുള്‍പ്പെടെ വിലക്കിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് നവംബര്‍ 15ന് ഓമല്ലൂരിന് സമീപത്തെ ഗ്രാമത്തില്‍ മൃതദേഹം സംസ്കരിച്ചത്. ജനുവരി 24നാണ് ലക്ഷ്മിയെയും മകന്‍ സുധാകരനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. . 26ന് ലക്ഷ്മിയുടെ ഭര്‍ത്താവ് ഷാലിവാഹനനെയും അറസ്റ്റു ചെയ്തു. പിന്നീട് ഇയാളുടെ പേരിലും യുഎപിഎ ചുമത്തി
മണിവാസകത്തിന്റെ ഭാര്യ കല, മറ്റൊരു സഹോദരി ചന്ദ്ര എന്നിവര്‍ യുഎപിഎ കേസില്‍ ജയിലാണ്. സംസ്കാര ചടങ്ങിന് പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ പരോളിന് പുറത്തിറങ്ങിയ ഇവര്‍ താമസിച്ചതും , ലക്ഷ്മിയുടെ വീട്ടിലായിരുന്നു. ഇതും കുടുബത്തിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താന്‍ കാരണമായി. ചെങ്കല്‍ തൊഴിലാളികളായ കുടുംബത്തെ അകാരണമായി അറസ്റ്റു ചെയ്തതിനെതിരെ പ്രതിഷേധം തുടങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം. ഒപ്പം നിയമപരമായി നേരിടാനും നീക്കം തുടങ്ങി