“മഞ്ചക്കണ്ടിയിലെ കൊലക്ക് പകരം വീട്ടും” പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്

"ഞങ്ങളുടെ ഏഴ് സഹോദരങ്ങളെ ദയയില്ലാതെ വകവരുത്തിയ മുഖ്യന് തക്കതായ ശിക്ഷ നല്‍കു"മെന്ന് കത്തില്‍ പറയുന്നു. പാവങ്ങളുടെ നികുതിപ്പണം വാങ്ങുന്ന അധികാരികള്‍ അവരെ സംരക്ഷിക്കുന്നതിന് പകരം വകവരുത്തുകയാണ് ചെയ്യുന്നതെന്നും കത്തിലുണ്ട്

0

വടകര :മുഖ്യമന്ത്രിയെ വകവരുത്തുമെന്നറിയിച്ച് മാവോയിസ്റ്റിന്റെ പേരില്‍ ഭീഷണിക്കത്ത്. കബനീദളം ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബദര്‍ മുസാമിന്റെ പേരിലാണ് വടകര ഡി.വൈ.എസ്.പി ഓഫിസിലേക്ക് രാവിലെ തപാല്‍മാര്‍ഗം കത്ത് കിട്ടിയത്. ചെമ്മരത്തൂര്‍ എന്ന സ്ഥലത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്.”ഞങ്ങളുടെ ഏഴ് സഹോദരങ്ങളെ ദയയില്ലാതെ വകവരുത്തിയ മുഖ്യന് തക്കതായ ശിക്ഷ നല്‍കു”മെന്ന് കത്തില്‍ പറയുന്നു. പാവങ്ങളുടെ നികുതിപ്പണം വാങ്ങുന്ന അധികാരികള്‍ അവരെ സംരക്ഷിക്കുന്നതിന് പകരം വകവരുത്തുകയാണ് ചെയ്യുന്നതെന്നും കത്തിലുണ്ട്. സാധാരണക്കാരെ നായയെപ്പോലെ തല്ലിച്ചതക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതു പോലെ വൈകാതെ കാണുമെന്നും ഉള്ളടക്കം. കത്തിനൊപ്പം മാവോയിസ്റ്റ് ആശയങ്ങളുള്‍പ്പെടുന്ന മൂന്ന് ലഘുലേഖയുമുണ്ടായിരുന്നു. കബനി ദളത്തിന്റെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ രാജന്‍ എന്ന സിനോജിന് അഭിവാദ്യം ചെയ്തുള്ള ലഘുലേഖയാണ് ഒന്നാമത്തേത്. 2014 ജൂണില്‍ രാവിലെയുണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ രാജന്‍ വനത്തിലെ ചികില്‍സയ്ക്കിടെ മരിച്ചെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ലഘുലേഖ ഇത് ശരിവയ്ക്കുന്നു.

മാവോയിസ്റ്റുകള്‍ അപകടകാരികളല്ലെന്നും അവരുടെ ശബ്ദം ആവര്‍ത്തിച്ച് മുഴങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലഘുലേഖയിലുണ്ട്. ഈമാസം പത്തിന് ചെമ്മരത്തൂരിലാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് വടകര റൂറല്‍ എസ്.പി കെ.ജി.സൈമണ്‍ നിര്‍ദേശം നല്‍കി.

You might also like

-