സ്വർണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു ഇ ഡി

സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണിത്‌. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതിനും ശിവശങ്കറിന് പങ്കുളളതായി ഇ.ഡി. പറയുന്നു

0

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയെത്തിയ സ്വര്‍ണം പിടികൂടിയ ഘട്ടത്തില്‍ അത് വിട്ടുകിട്ടുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെ വിളിച്ചു.
ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യം ശിവസങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു.സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണിത്‌. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതിനും ശിവശങ്കറിന് പങ്കുളളതായി ഇ.ഡി. പറയുന്നു.അതിനാല്‍ തന്നെ ഇടപാടില്‍ ശിവശങ്കറിന് പങ്കുളളതായി സംശയിക്കുന്നുവെന്നും ഇ.ഡി. വ്യക്തമാക്കുന്നു.

അറസ്റ്റ് മെമ്മോയിലെ വിവരങ്ങൾ

ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്ന ആവശ്യപ്പെട്ടതുപ്രകാരം കസ്റ്റംസിനെ ബന്ധപ്പെട്ടതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ടെന്ന് അറസ്റ്റ് മെമ്മോ വ്യക്തമാക്കുന്നു. ഇതില്‍ നിന്നും സ്വപ്ന ചെയ്ത കുറ്റകൃത്യത്തില്‍ ശിവശങ്കറിനുളള പങ്ക് വ്യക്തമാണ്. ഇത് പദവി ദുരുപയോഗം ചെയ്തതിന് തെളിവാണ്. 2019-20 കാലയളവില്‍ 21 തവണയാണ് ഇത്തരത്തില്‍ ഇടപാട് നടന്നിട്ടുളളത്. ഇതിലെല്ലാം ശിവശങ്കറിന്റെ സഹായമുണ്ടായിട്ടുണ്ട്. കുറ്റകൃത്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കടത്തിന് കൂട്ടുനിന്നതെന്നതിലൂടെ കളളപ്പണ ഇടപാടില്‍ ശിവശങ്കറും കുറ്റക്കാരനാണ്.

നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വര്‍ണം കടത്തിയതിന് സരിത് പി.എസ്, സ്വപ്ന പ്രഭ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്ന നിയമപ്രകാരം സെക്ഷന്‍ 16,17, 18 വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഈ കേസിന്റെ ഇതുവരെയുളള അന്വേഷത്തില്‍ നിന്ന് സരിത്ത്.പി.എസ്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ സ്വപ്നയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ നിന്നും ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ നിന്നും കണ്ടെത്തിയ വാട്സാപ്പ് ചാറ്റുകളില്‍ നയതന്ത്ര ബാഗേജ് പരിശോധന കൂടാതെ വിട്ടുനല്‍കാനായി കസ്റ്റംസ് അധികൃതരോട് ആവശ്യപ്പെടണമെന്ന് ശിവശങ്കറിനോട് സ്വപ്ന ആവശ്യപ്പെടുന്നുണ്ടെന്ന് അറസ്റ്റ് മെമ്മോ പറയുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനോട് പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി സ്വപ്നയെ സഹായിക്കാനായി ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികമായി നല്ല നിലയില്‍ അല്ലാതിരുന്ന സ്വപ്നയെ നല്ല ജോലി ലഭിക്കുന്നതിന് സഹായിച്ചിട്ടുളളതായി ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. വേണുഗോപാല്‍ സമര്‍പ്പിച്ച വാട്സാപ്പ് ചാറ്റില്‍ സ്വപ്നയുടെ ബാങ്ക്ലോക്കറിലെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വേണുഗോപാല്‍ ശിവശങ്കറുമായി പങ്കുവെച്ചിരുന്നുവെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമ്മോയില്‍ പറയുന്നു

സി.എയുമൊത്തുള്ള സ്വപ്‌നയുടെ ജോയിന്റ്‌ അക്കൗണ്ടിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്നതായി ശിവശങ്കറിന്റെ പ്രവൃത്തികളില്‍നിന്ന് വ്യക്തമാണ്. സി.എയെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങളില്‍ ശിവശങ്കറിന് താല്‍പര്യമുണ്ടായിരുന്നു. എന്‍.ഐ.എ. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെയാണിത്. ഒരുപക്ഷെ ഈ പണം ശിവശങ്കറിന്റേതാകാനും സാധ്യതയുണ്ട്.

കേരളത്തില്‍ വളരെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കര്‍. കുറ്റകൃത്യത്തിലൂടെ സമാഹരിച്ച പണം വിനിയോഗിച്ചതിനെ കുറിച്ചും ഒളിപ്പിച്ചുവെച്ചതും അടക്കം അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന് ശിവശങ്കറിനെ കസ്റ്റഡിയില്‍ കിട്ടേണ്ടത് അത്യാവശ്യമാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെയും സമാഹരിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധ പ്രവര്‍ത്തനത്തിലൂടെ വലിയ അളവില്‍ പണം സമാഹരിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണവുമായി സഹകരിക്കാന്‍ നിരവധി അവസരം നല്‍കിയിരുന്നു. എന്നാല്‍ നിസ്സഹകരിക്കുന്ന നിലപാടാണ് ശിവശങ്കര്‍ സ്വീകരിച്ചത്. ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ വഴിതെറ്റിക്കുന്ന മറുപടികള്‍ നല്‍കുകയോ ചെയ്തു. സത്യം പറയാന്‍ ശിവശങ്കര്‍ തയ്യാറാകുന്നില്ല. ഇതുവരെ ശേഖരിച്ച തെളിവുകളുടെയും പി.എം.എല്‍.എ. നിയമത്തിലെ സെക്ഷന്‍ 50 പ്രകാരം വിവിധ വ്യക്തികളില്‍നിന്ന് എടുത്ത മൊഴികളുടെയും അടിസ്ഥാനത്തില്‍, ശിവശങ്കര്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാണെന്നും അറസ്റ്റ് മെമ്മോ പറയുന്നു.

 

You might also like

-