ഡയസിൽ കയറി മുദ്രാവാക്യം നാലു എം എൽ എ മാർക്ക് ശാസന

റോജി ജോൺ, എല്‍ദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചത്

0

തിരുവനന്തപുരം: ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച നാല് പ്രതിപക്ഷ എംഎൽഎമാർക്ക് സ്പീക്കറുടെ ശാസന. റോജി ജോൺ, എല്‍ദോസ് കുന്നപ്പള്ളി, അൻവർ സാദത്ത്, ഐ.സി ബാലകൃഷ്ണൻ എന്നിവരെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ശാസിച്ചത്. വ്യക്തിപരമായ നടപടിയല്ലെന്നും ജനാധിപത്യ സമൂഹത്തെ ബാധിക്കുന്ന നടപടികളിലാണ് ശിക്ഷയെന്നുമാണ് ശാസന നൽകിക്കൊണ്ട് സ്പീക്കർ അറിയിച്ചത്. സാമാന്യ മര്യാദയും ചട്ടങ്ങളും ലംഘിച്ചുവെന്ന് കാട്ടിയാണ് നടപടി.

കെ.എസ്.യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവർക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം കഴി‍ഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് നാല് എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചത്. അതേസമയം ശാസന നടപടി അംഗീകരിക്കാൻ തയ്യാറാകാതെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് സഭയിൽ നിന്ന് വാക്കൗട്ട് ചെയ്തു.
ഏകപക്ഷീയമായ നടപടിയാണ് സ്പീക്കറുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കക്ഷി നേതാക്കളുടെ യോഗത്തിൽ പോലും ചർച്ച ചെയ്യാതെയാണ് നടപടിയുണ്ടായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ സ്പീക്കറുടെ നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം ഉയർത്തിപ്പിടിക്കണമെന്നാണ് ഇതിന് മറുപടിയായി ശ്രീരാമകൃഷ്ണൻ അറിയിച്ചത്.

You might also like

-