ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്
ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഒന്നാം ഇന്നിംഗ്സ് ലീഡ് 250 ആയി. വോക്‌സിന് സെഞ്ചുറിയും ബെയര്‍സ്റ്റോയ്ക്ക് അര്‍ദ്ധ സെഞ്ചുറിയും.
ലണ്ടന്‍: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഒന്നാം ഇന്നിംഗ്സില്‍ 250 റണ്‍സ് ലീഡായി. വോക്‌സിന്‍റെ കന്നി സെഞ്ചുറിയും ബെയര്‍സ്റ്റോയുടെ അര്‍ദ്ധ സെഞ്ചുറിയുമാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 357 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. വോക്‌സും(120), കുരാനും(22) ആണ് ക്രീസില്‍. ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഇന്ത്യയുടെ 107 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 32 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായി. 21 റണ്‍സെടുത്ത കുക്കിനെ ഇശാന്തും 11 റണ്‍സെടുത്ത ജെന്നിംഗ്സിനെ ഷമിയും പുറത്താക്കി. ഓലിയെ 28ല്‍ നില്‍ക്കേ പാണ്ഡ്യ എല്‍ബിയില്‍ കുടുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുന്‍പത്തെ പന്തില്‍ റൂട്ടിനെ(19), എല്‍ബിയില്‍ ഷമിയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 89-4.
എന്നാല്‍ അതിവേഗം ബെയര്‍സ്റ്റോയും ബട്ട്‌ലറും ചേര്‍ന്ന് ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. പിന്നാലെ ബട്ട്‌ലറെ(24) പുറത്താക്കി ഷമി ഇന്ത്യയെ മത്സരത്തില്‍ തിരികെയെത്തിച്ചു. ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബെയര്‍സ്റ്റോ- വോക്‌സ് സഖ്യം കളിയുടെ ഗതി മാറ്റി. അഞ്ച് വിക്കറ്റിന് 131 റണ്‍സ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ ഇരുവരും 300 കടത്തി. ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 189 റണ്‍സ്.
ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്. വോക്‌സ് 129 പന്തില്‍ 15 ബൗണ്ടറികളടക്കം സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ബെയര്‍സ്റ്റേ 144 പന്തില്‍ 93 റണ്‍സെടുത്ത് ഹര്‍ദികിന് കീഴടങ്ങി. 12 ബൗണ്ടറികള്‍ നിറഞ്ഞതായിരുന്നു ബെയര്‍സ്റ്റോയുടെ ഇന്നിംഗ്സ്. എന്നാല്‍ ബെയര്‍സ്റ്റോ പുറത്തായപ്പോള്‍ ഇന്ത്യ ഏറെ കൊതിച്ചെങ്കിലും വോക്‌സും കുരാനും തളര്‍ന്നില്ല.
നേരത്തെ 13.2 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ 107ല്‍ ഒതുക്കിയത്. വോക്‌സ് രണ്ടും ബ്രോഡും കുരാനും ഓരോ വിക്കറ്റുകളും വീഴ്‌ത്തി. 29 റണ്‍സുമായി ടോപ് സ്കോററായ അശ്വിനാണ് ഇന്ത്യയെ 100 കടത്തിയത്. അശ്വിനെ കൂടാതെ 20 റണ്‍സ് കടന്നത് നായകന്‍ വിരാട് കോലി മാത്രമാണ്. രഹാനെ 18 റണ്‍സെടുത്തു.