വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
കോഴിക്കോട്: മുക്കം നീലേശ്വരം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ആൾമാറാട്ടം നടത്തിയ അധ്യാപകനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ വി മുഹമ്മദിനെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുക്കം പൊലീസ് നോട്ടീസ് തുടർ നടപടിക്കായി സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി.
സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൊതു പരീക്ഷകളില്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇക്കുറിയും അത് നിലനിര്‍ത്തുന്നതിനുള്ള ശ്രമമാണ് പുറത്തായത്. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളിലും കൃത്രിമത്വം നടന്നിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവശേഷം ഒളിവിലായ അധ്യാപകര്‍ക്ക് വേണ്ടി തമിഴ്നാട്, കര്‍ണ്ണാടകം എന്നിവടങ്ങളിലും അന്വേഷണം നടക്കുന്നുണ്ട്.
മുക്കം നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായ നിഷാദ് വി മുഹമ്മദ് വിദ്യാർത്ഥികൾക്കായി പ്ലസ് ടു പരീക്ഷ എഴുതിയെന്ന വാര്‍ത്ത മേയ് 10 ന് രാവിലെയാണ് പുറത്തുവന്നത്. നിഷാദ് വി. മുഹമ്മദ് 4 വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. ഉത്തരക്കടലാസുകളിൽ സമാനമായ കയ്യക്ഷരം കണ്ടതോടെയാണ് മൂല്യ നിർണയം നടത്തിയ അധ്യാപകർക്ക് സംശയം തോന്നിയത്. തുടർന്ന് ഇതേ വിദ്യാർത്ഥികൾ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ മറ്റു ക്യാംപുകളിൽ നിന്നും വരുത്തി നോക്കിയതോടെ പരീക്ഷ എഴുതിയത് വിദ്യാർത്ഥികളല്ലെന്ന് വ്യക്തമായി.
സംഭവത്തിൽ നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു. സ്കൂളില്‍ ആകെ പരീക്ഷയെഴുതിയ 174 കുട്ടികളിൽ 23 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കിട്ടി. രണ്ട് കുട്ടികൾ തോറ്റു.