അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് ടിക്കാറാം മീണ.

വിവിപാറ്റ് രസീതുകൾ എണ്ണിത്തീരാൻ 5 മുതൽ 6 മണിക്കൂർ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകുന്നേരം ആറ് മണിയോടെയേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം.

0

തിരുവനന്തപുരം: ഓരോ മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് രസീതുകൾ കൂടി ഇത്തവണ എണ്ണുന്നതുകൊണ്ട് അന്തിമ ഫലപ്രഖ്യാപനം പതിവിലും വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തപാൽ ബാലറ്റുകളും ഇലക്ട്രോണിക് വോട്ടിഗ് മെഷീനുകളും എണ്ണിത്തീരാൻ ശരാശരി നാല് മണിക്കൂർ സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. 12 മണിയോടെ ഫലം എന്താവുമെന്ന് ധാരണ ഉണ്ടാവുമെങ്കിലും ഓരോ മണ്ഡലത്തിലേയും അഞ്ചുവീതം വിവിപാറ്റ് യന്ത്രങ്ങളുടെ രസീതുകൾ കൂടി എണ്ണണമെന്ന സുപ്രീം കോടതി തീരുമാനം ഉള്ളതുകൊണ്ട് ഫലം ഉടൻ പ്രഖ്യാപിക്കില്ല.

ഫലപ്രഖ്യാപനം ആറ് മണിയോടെ മാത്രം, ചിലപ്പോൾ പിന്നെയും നീളും

വിവിപാറ്റ് രസീതുകൾ എണ്ണിത്തീരാൻ 5 മുതൽ 6 മണിക്കൂർ വരെ എടുക്കും. അതായത് കുറഞ്ഞത് വൈകുന്നേരം ആറ് മണിയോടെയേ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ഒരുപക്ഷേ ഈ സമയം പിന്നെയും നീണ്ടേക്കാം. എണ്ണാനുള്ള അഞ്ച് വിവിപാറ്റുകൾ നറുക്കിട്ടാവും തെരഞ്ഞെടുക്കുക. റിട്ടേണിംഗ് ഓഫീസർ നറുക്കെടുക്കും. അഞ്ച് വിവിപാറ്റ് മെഷീനുകളിലെ രസീതുകളും ഒരേസമയം എണ്ണില്ല, ഒന്നിനു പിറകേ ഒന്നായാകും ഇവ എണ്ണുക. നോട്ട് എണ്ണുന്നതിൽ വിദഗ്ധരായ ഉദ്യോഗസ്ഥരെയാകും ഇതിനായി നിയോഗിക്കുക. കനം കുറഞ്ഞ കടലാസിലാണ് വിവിപാറ്റ് രസീതുകൾ പ്രിന്‍റ് ചെയ്തിരിക്കുന്നത്. എണ്ണം തെറ്റാൻ സാധ്യതയുള്ളതുകൊണ്ട് ഓരോ മെഷീനിലേ രസീതുകളും മൂന്ന് തവണ എണ്ണും. വോട്ടിംഗ് മെഷീനിലെ വോട്ടും വിവിപാറ്റ് രസീതുകളുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ്റുകൾ എണ്ണിയ ഫലമാകും പരിഗണിക്കുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടെണ്ണലിന് പഴുതടച്ച സുരക്ഷ, ക്രമീകരണങ്ങൾ പൂർത്തിയായി

ത്രിതല സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഏർപ്പെടുത്തുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ മതിലിന് പുറത്തുള്ള 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസാവും സുരക്ഷാ ചുമതലയിൽ ഉണ്ടാവുക. മതിനുള്ളിലും വോട്ടെണ്ണൽ നടക്കുന്ന ഹാളിലേയും സുരക്ഷ കേരളാ പൊലീസിന്‍റെ സായുധ സേന ഏറ്റെടുക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന്‍റെ ഗേറ്റിന്‍റെ സുരക്ഷ സിആർപിഎഫിനാണ്. 16 കമ്പനി സിആർപിഎഫിന്‍റെ സേവനം ഇപ്പോൾ സംസ്ഥാനത്തുണ്ട്. കൂടുതൽ കേന്ദ്രസേനയെ കിട്ടിയാൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്നും ടിക്കാറാം മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക വീഡിയോ ക്യാമറ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പാസുള്ള മാധ്യമപ്രവർത്തകരുടെ ക്യാമറകൾ കൂടി വോട്ടെണ്ണൽ കേന്ദ്രത്തിൽ അനുവദിക്കും. എന്നാൽ മാധ്യമപ്രവർത്തകർ ക്യാമറയുടെ സ്റ്റാൻഡ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പാടില്ല. മറ്റുള്ളവർക്ക് കൗണ്ടിംഗ് സ്റ്റേഷനിൽ ക്യാമറ ഉപയോഗിക്കാനാകില്ല. സ്ഥാനാർത്ഥിയേയും കൗണ്ടിംഗ് ഏജന്‍റുമാരും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഒഴികെ മറ്റാരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. പോസ്റ്റൽ ബാലറ്റ്, ഇവിഎം, ബാലറ്റ് പേപ്പ‍ർ എന്നിവയിലെ വോട്ടുകൾ ചിത്രീകരിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

വോട്ടെണ്ണൽ ക്രമം ഇങ്ങനെ

ഒരു ഹാളിൽ പരമാവധി 14 കൗണ്ടിംഗ് ടേബിളുകൾ ആണ് ഉള്ളത്. ആവശ്യം എങ്കിൽ കൂടുതൽ ടേബിളുകൾ വയ്ക്കാൻ റിട്ടേണിംഗ് ഓഫീസർമാർക്ക് സ്വാതന്ത്ര്യമുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് ഏജന്‍റിനെ അനുവദിക്കും. എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. ആദ്യം തപാൽ വോട്ടുകളാകും എണ്ണുക. എട്ടുമണി വരെ കിട്ടുന്ന എല്ലാ തപാൽ ബാലറ്റുകളും എണ്ണും. തപാൽ വോട്ടുകൾ എണ്ണാൻ നാല് ടേബിളുകളാണ് ഉള്ളത്. കൂടുതൽ പോസ്റ്റൽ വോട്ടുകൾ ഉള്ള നിയോജകമണ്ഡലങ്ങളിൽ കൂടുതൽ ടേബിളുകൾ സ്ഥാപിക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് അധികാരമുണ്ട്. ഭൂരിപക്ഷം പോസ്റ്റൽ വോട്ടുകളേക്കാൾ കുറവാണെങ്കിൽ വീണ്ടും പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ നിയമമുണ്ട്.

പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്നതിന് ശേഷമാകും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങുക. ഓരോ റൗണ്ടിലും എണ്ണുന്ന വോട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പോർട്ടലായ സുവിധയിൽ എന്‍റർ ചെയ്തതിന് ശേഷമേ അടുത്ത റൗണ്ടിലേക്ക് പോകൂ. ഓരോ റൗണ്ടിന്‍റേയും ഫലത്തിൽ നീരീക്ഷകൻ ഒപ്പിടും. ഒരു മണ്ഡലത്തിൽ ശരാശരി 14 റൗണ്ടുകളാകും ഉണ്ടാവുക. തുടർന്ന് ഫലം ഇലക്ഷൻ കമ്മീഷന് അയച്ചുകൊടുക്കും. വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തീരാൻ നാല് മുതൽ അഞ്ച് മണിക്കൂറുകൾ വരെ വേണ്ടിവരും. ഓരോ റൗണ്ടുകളും പൂർത്തിയായതിന് ശേഷം സുവിധ പോർട്ടലിൽ രേഖപ്പെടുത്തി പോകുന്നതുകൊണ്ട് ട്രൻഡ് അറിയാൻ വൈകില്ല. ഇവിഎമ്മുകൾ എണ്ണിത്തീരുമ്പോൾ മുന്നിട്ട് നിൽക്കുന്ന സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം വളരെ നേരിയതാണെങ്കിൽ വിവിപാറ്റുകൾ എണ്ണുന്നത് നിർണ്ണായകമായേക്കും.

റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലനം ചെന്നൈയിൽ പൂർത്തിയാക്കിയെന്നും എല്ലാ റിട്ടേണിംഗ് ഓഫീസർമാരുമായും പ്രധാന ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് നടത്തി അവസാന തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. വോട്ടെണ്ണലിന് സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും ടിക്കാറാം മീണ പറഞ്ഞു

You might also like

-