സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ,കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറഞ്ഞു

നിലവിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞിരിക്കുകയാണ്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാൻ അനുമതി. വീടുകളിൽ മീൻ എത്തിച്ചുള്ള വിൽപ്പനയും നടത്താം. ഹോട്ടലുകളിൽ പാഴ്സൽ ഓൺലൈൻ സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂ.കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ നടത്തും. ട്രെയിൻ ദീർഘദൂരസർവീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും. കൊവിഡ് വാക്സിൻ എടുക്കാൻ പോകുന്നവർക്കും ഇളവുണ്ട്. വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം.

നിയന്ത്രണങ്ങളോട് ജനം പൊതുവേ അനുകൂലമായാണ് ഇന്നലെ പ്രതികരിച്ചത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ച് നിർത്തിയാൽ അത്യാവശ്യക്കാർ മാത്രമാണ് ഇന്നലെ പുറത്തിറങ്ങിയത്. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞ സ്ഥിതിയായിരുന്നു. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് തുറന്നത്. കെഎസ്ആർടി 60 ശതമാനം സർവ്വീസ് തുടങ്ങിയെങ്കിലും ആളുകൾ കുറഞ്ഞതോടെ വീണ്ടും പലയിടത്തും സർവ്വീസ് കുറച്ചു.നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ ഇന്നും രാവിലെ മുതൽ പൊലീസ് രംഗത്തിറങ്ങും.

നിലവിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടിയതോടെ തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞിരിക്കുകയാണ്. നാലുദിവസം കൊണ്ട് സംസ്ഥാനത്ത് 10,4541 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും പ്രതിദിന കേസുകൾ കാൽലക്ഷത്തിന് മുകളിലാകുമെന്നാണു കണക്കുകൂട്ടുന്നത്. ഒരേസമയം ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടര ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായതോടെ തീവ്രപരിചരണം വേണ്ടവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുകയാണ്.

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷമാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞു. ഇതേ തുടർന്ന് ബദൽക്രമീകരണമൊരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മെഡിക്കൽ കോളജിൽ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ശസ്ത്രക്രിയകളും നിർത്തിവച്ച് കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകാൻ തീരുമാനിച്ചു. ഇവിടെ 1,400 കിടക്കകൾ സജ്ജീകരിക്കാനാണ് ശ്രമം. എറണാകുളത്തും കോഴിക്കോട്ടും ചികിത്സയിലുള്ളത് ഇരുപതിനായിരത്തിലധികം പേരാണ്. മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിലും ഐസിയു സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്തേണ്ട അവസ്ഥയാണ്. രോഗികൾ മൂന്നര ലക്ഷം കടന്നാൽ ചികിത്സാ സംവിധാനങ്ങൾക്ക് താങ്ങാനാകില്ലെന്നത് ആശങ്കയുയർത്തുന്നുണ്ട്.

You might also like

-