ഇസ്രയേൽ നിർമ്മിത മദ്യക്കുപ്പിയിൽ ഗാന്ധിച്ചിത്രം;ഉടൻ നടപടിക്ക് ഉപരാഷ്ട്രപതിയുടെ നിർദേശം
വിഷയത്തിൽ കടുത്ത പ്രതിഷേധമുയർന്നതോടെയാണ് കമ്പനിക്കെതിരേ രാജ്യത്തും നയതന്ത്ര തലത്തിലും നടപടിയെടുക്കാൻ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി കേന്ദ്രമന്ത്രിയോടു നിർദേശിച്ചത്.
ഡൽഹി :മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രയേൽ കമ്പനിയുടെ മദ്യക്കുപ്പിയിൽ ഉപയോഗിച്ചതിനെതിരെ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശം. മദ്യക്കുപ്പിയുടെ ലേബലിലാണ് ഗാന്ധിച്ചിത്രമുള്ളത്. വിഷയത്തിൽ കടുത്ത പ്രതിഷേധമുയർന്നതോടെയാണ് കമ്പനിക്കെതിരേ രാജ്യത്തും നയതന്ത്ര തലത്തിലും നടപടിയെടുക്കാൻ സഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി കേന്ദ്രമന്ത്രിയോടു നിർദേശിച്ചത്.
ഇസ്രയേൽ കമ്പനി മദ്യക്കുപ്പിയിൽ മഹാത്മാ ഗാന്ധി അടക്കമുള്ള ചരിത്ര പുരുഷന്മാരുടെ ചിത്രം ഉപയോഗിച്ചതിനെതിരേ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. സംഭവം മദ്യത്തിനെതിരെ എന്നും ശബ്ദമുയർത്തിയിരുന്ന ഗാന്ധിജിയെ അവഹേളിക്കുന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ മദ്യക്കമ്പനിതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ എബി ജെ ജോസ് ഇസ്രയേൽ പ്രധാനമന്ത്രിക്ക് കത്തയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷയം ഉന്നയിച്ചതിനു പിന്നാലെ സംഭവത്തിനെതിരേ പ്രതിഷേധവുമായി കോണ്ഗ്രസ് അംഗങ്ങൾ ഉൾപ്പെടെ എഴുന്നേറ്റതോടെ രാജ്യസഭ ചെയർമാൻ ഇടപെടുകയായിരുന്നു. സഭയിൽ ഉണ്ടായിരുന്ന വിദേശകാര്യ മന്ത്രിയോടു ഉചിതമായ നടപടിയെടുക്കാൻ വെങ്കയ്യ നായിഡു നിർദേശിച്ചു.