ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: പ്രവേശനോത്സവ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏക പക്ഷിയുമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.
ജൂണ്‍ ആറിന് സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവേശനോത്സവ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏക പക്ഷിയുമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ഇതിന്റെ ഭാഗമായി യുഡിഎഫ് എംഎല്‍എ മാരും എംപിമാരും ജൂണ്‍ ആറിന് നടക്കുന്ന പ്രവേശനോത്സവം ബഹിഷ്‌കരിക്കാനാണ് തീരുമാനം.
പൊതു വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരെ രണ്ടു തട്ടിലാക്കുകയും സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലാവാരം തകര്‍ക്കുകയും ചെയ്യുന്ന ഈ തുഗ്ലക്ക് പരിഷ്‌ക്കാരമാണിത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അധ്യാപക സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചര്‍ച്ച നടത്തിയ ശേഷമേ റിപ്പോര്‍ട്ട് നടപ്പാക്കാവൂ എന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമസഭയില്‍ ഇത് സംബന്ധിച്ച് അടിയന്തിര പ്രമേയം കൊണ്ടു വന്നിട്ടും അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് സര്‍ക്കാര്‍ ഏക പക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
വിദ്യാഭ്യാസം മേഖലയിലെ ചെറിയ പരിഷ്‌ക്കാരങ്ങള്‍ പോലും വളരെ ധാരണയോട് കൂടി വേണം നടപ്പാക്കേണ്ടത്. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ താത്പര്യം വച്ച് ചെയ്യേണ്ടതല്ല വിദ്യാഭ്യാസ പരിഷ്‌ക്കരണം. സി.പി.എമ്മിന്റെ അധ്യാപക സംഘടനാ നേതാക്കളുടെ താത്പര്യ പ്രകാരം കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കം വിദ്യാര്‍ഥികളോടും സമൂഹത്തോടും ചെയ്യുന്ന അപരാധമാണെന്നും അത് കൊണ്ടാണ് യുഡിഎഫ് പ്രവേശനോത്സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.