എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കെ സുധാകരൻ
ക്രിമിനലുകളുമായി ഇപി ജയരാജന് നല്ല പരിചയമുണ്ട്. അവരിൽ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ പോലും കോൺഗ്രസ് പ്രവർത്തകരെ വൈകാരികമായി പ്രതികരിക്കാൻ അനുവദിച്ചിട്ടില്ല. സിസിറ്റിവി ക്യാമറകൾ പരിശോധിച്ച് ഇതിന്റെ പ്രതികളെ കണ്ടെത്തണം.
കണ്ണൂർ | എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. രാഹുൽ ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണ്. ഇതിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണ്. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
രാഹുൽ വരുമ്പോള്‍ സാമാന്യ ബുദ്ധിയുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇങ്ങനെ ചെയ്യുമോ? അതിന്‍റെ രാഷ്ട്രീയ പരിണിതഫലം മനസിലാക്കാവുന്നതല്ലേ. എ.കെ.ജി സെന്‍ററിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് ഉൾപ്പെട്ടിട്ടില്ലേ എന്നും സുധാകരന്‍ ചോദിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ചർച്ചയാകാതിരിക്കാനുള്ള ശ്രമമാണിത്. കേരളത്തിൽ കലാപം അഴിച്ചു വിടാൻ സി.പിഎം ശ്രമിക്കുകയാണ്. കലാപം സ്രഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയർന്ന ആരോപണങ്ങൾ വഴി തിരിച്ചുവിടാനാണ് ശ്രമം.
സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഘം തന്നെയാണ് എ.കെ.ജി സെന്‍ററിന് നേരെ പടക്കം എറിഞ്ഞത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള സി.പി.എമ്മിന്‍റെ ക്വട്ടേഷൻ സംഘം ആണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ക്രിമിനലുകളുമായി ഇപി ജയരാജന് നല്ല പരിചയമുണ്ട്. അവരിൽ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ പോലും കോൺഗ്രസ് പ്രവർത്തകരെ വൈകാരികമായി പ്രതികരിക്കാൻ അനുവദിച്ചിട്ടില്ല. സിസിറ്റിവി ക്യാമറകൾ പരിശോധിച്ച് ഇതിന്റെ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴൻനാടന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായാണ് ഇപി ജയരാജൻ ഇത് പ്ലാൻ ചെയ്തതെന്നും കെ. സുധാകരൻ ആരോപിച്ചു.