ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി

ഭൗതിക ദേഹവുമായെത്തിയ വാഹനത്തെ ആയിരങ്ങളാണ് അനുഗമിച്ചത്. മുംബൈയിലെ ആശുപത്രിയിലും വീട്ടിലും സച്ചിൻ, അമിതാഭ് ബച്ചൻ, ശ്രദ്ധ കപൂർ, അനൂപം ഖേർ തുടങ്ങിയവർ സന്ദർശനം നടത്തിയിരുന്നു.

0

ഡൽഹി| ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ. ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ നടന്നു. സംസ്‌കാര ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ലത മങ്കേഷ്‌കറിന് അദ്ദേഹം പുഷ്പാഞ്ജലി അർപ്പിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.ഇന്ന് രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം. സുരക്ഷ മുന്നിൽക്കണ്ട് ശിവാജി പാർക്കിന്റെ 2,000 ചതുരശ്ര അടി സ്ഥലത്ത് സംസ്‌കാര നടപടികൾക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചു. 25 കിലോഗ്രാം ചന്ദനത്തടികൾ ഉപയോഗിച്ചാണ് ഭൗതിക ദേഹം ദഹിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാനായി വൈകുന്നേരം മൂന്ന് മണിമുതൽ പാർക്കിൽ ജനങ്ങൾ എത്തിത്തുടങ്ങിയിരുന്നു.

മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും മൃതദേഹം ദക്ഷിണ മുംബൈയിലെ പെദ്ദാർ റോഡിലുള്ള വസതിയിലെത്തിച്ചിരുന്നു. അവിടുത്തെ പൊതു ദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം ശിവാജി പാർക്കിൽ എത്തിച്ചത്. ഭൗതിക ദേഹവുമായെത്തിയ വാഹനത്തെ ആയിരങ്ങളാണ് അനുഗമിച്ചത്. മുംബൈയിലെ ആശുപത്രിയിലും വീട്ടിലും സച്ചിൻ, അമിതാഭ് ബച്ചൻ, ശ്രദ്ധ കപൂർ, അനൂപം ഖേർ തുടങ്ങിയവർ സന്ദർശനം നടത്തിയിരുന്നു.

കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ലതമങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രിയഗായികയോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേയ്‌ക്ക് ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടി. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ല.

ലത മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിരവധി പേരാണ് എത്തിയത്. 1929 സെപ്റ്റംബർ 28ന് മധ്യപ്രദേശിലാണ് ലതാ മങ്കേഷ്‌കറുടെ ജനനം. സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും 5 മക്കളിൽ മൂത്തയാൾ. അച്ഛന്റെ മരണത്തെ തുടർന്ന് ദാരിദ്ര്യത്തിലായ കുടുംബം പോറ്റാനായി സിനിമയിൽ അഭിനയിച്ചുതുടങ്ങിയ ലതാമങ്കേഷ്‌കർ 1942 മുതൽ 48 വരെ എട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. എന്നാൽ സംഗീതമാണ് തന്റെ വഴിയെന്നു പിന്നീട് തിരിച്ചറിയുകയായിരുന്നു.

സംഗീതത്തിനുളള ഏതാണ്ട് എല്ലാ പുരസ്‌ക്കാരങ്ങളും ഈ ഗാനവിസ്മയത്തെ തേടി എത്തിയിട്ടുണ്ട്. 36 ഭാഷകളിലായി 35,000ൽ അധികം ഗാനങ്ങൾ ലത മങ്കേഷ്‌കർ ആലപിച്ചു. പ്രായഭേദമന്യേ ഏതൊരു സംഗീത ആസ്വാദകനെയും ഒരു പോലെ ആകർഷിക്കുന്ന ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങൾ എക്കാലവും ഇന്ത്യൻ സംഗീത ലോകം ആഘോഷമാക്കിയിട്ടുണ്ട്.

You might also like

-