ചന്ദ്രയാൻ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാനുള്ള അവസാന ശ്രമം ഇന്നുകൂടി
14 ദിവസത്തെ ചാന്ദ്ര പകൽ അവസാനിക്കുകയാണ് ഒപ്പം വിക്രമുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും
ബെംഗളൂരു: ചന്ദ്രയാൻ രണ്ട് വിക്രം ലാന്ററുമായി ബന്ധം പുനസ്ഥാപിക്കാനുള്ള സാധ്യത അവസാനിക്കുന്നു. ഇന്നലെ ഇസ്രൊ പുറത്തിറക്കിയ വാർത്താ കുറിപ്പിലും വിക്രം ലാന്ററുമായി എങ്ങനെ ബന്ധം നഷ്ട്ടപ്പെട്ടു എന്ന് അന്വേഷിക്കുകയാണെന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. 14 ദിവസത്തെ ചാന്ദ്ര പകൽ അവസാനിക്കുകയാണ് ഒപ്പം വിക്രമുമായി ബന്ധപ്പെടാമെന്നുള്ള അവസാന പ്രതീക്ഷയും.
ചാന്ദ്ര പകലിന്‍റെ തുടക്കം കണക്ക് കൂട്ടിയാണ് ഇസ്രൊ സെപ്റ്റംബർ ഏഴിന് തന്നെ വിക്രമിനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടത്. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കാൻ നിർമ്മിക്കപ്പെട്ടിരുന്ന വിക്രമിന്‍റെ ആയുസ് ചാന്ദ്ര പകലിനൊപ്പം അവസാനിക്കും. ചന്ദ്രന്‍റെ രാത്രി സമയത്തെ കടുത്ത തണുപ്പ് അതിജീവിക്കാനുള്ള സംവിധാനങ്ങളൊന്നും വിക്രമിനകത്ത് ഇല്ല. ഇടിച്ചിറങ്ങിയതിന്‍റെ ആഘാതത്തിൽ വിക്രമിലെ ഉപകരണങ്ങൾക്ക് കേട് സംഭവിച്ചിരിക്കുമെന്നാണ് വിദഗ്ധർ അനുമാനിക്കുന്നത്. വിക്രമുമായി ബന്ധം നഷ്ടപെട്ടത് എങ്ങനെ എന്ന് വിദഗ്‌ധ സംഘം പരിശോധിച്ച് വരികയാണ്.