ലോക പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ലാറി കിംഗ് കോവിഡ് ബാധിച്ചു മരിച്ചു
ദലൈലാമ മുതൽ എലിസബത്ത് ടെയ്‌ലർ വരെ, മിഖായേൽ ഗോർബച്ചേവ് മുതൽ ബരാക് ഒബാമ, ബിൽ ഗേറ്റ്സ് മുതൽ ലേഡി ഗാഗ വരെയുള്ളവരെ അദ്ദേഹം അഭിമുഖം ചെയ്തു
ലോസ്ഏഞ്ചൽസ്: ലോക പ്രശസ്ത ദൃശ്യ മാധ്യമപ്രവർത്തകൻ ലാറി കിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവെയാണ് ലാറി കിങിന്‍റെ അന്ത്യം. ലോസ് ഏഞ്ചൽസിലെ സെഗാർസ് സിനായി മെഡിക്കൽ സെന്ററിൽ ഇന്ന് രാവിലെയായിരുന്നു അദ്ദേഹം അന്തരിച്ചത്. സിഎൻഎൻ ചാനലിനുവേണ്ടി അമ്പതിനായിരത്തോളം അഭിമുഖങ്ങൾ നടത്തിയ വ്യക്തിയാണ് ലാറി കിങ്. 25 വർഷത്തോളമായി സിഎൻഎൻ ചാനലിൽ സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ലാറി കിംഗ് ലൈവ് എന്ന പരിപാടി ലോക ശ്രദ്ധ നേടിയിരുന്നു. റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ രംഗത്ത് പ്രവർത്തിച്ചിട്ടുള്ള ലാറിയ്ക്ക് രാജ്യാന്തരതലത്തിൽ നിരവധി പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ദീർഘകാലമായി ദേശീയതലത്തിൽ സിൻഡിക്കേറ്റഡ് റേഡിയോ അവതാരകനായിരുന്നു, 1985 മുതൽ 2010 വരെ സിഎൻഎന്നിൽ ആയിരുന്നു, അവിടെ പ്രവർത്തിക്കുന്നതിനിടെ രണ്ട് പീബൊഡി അവാർഡുകൾ ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി. സെലിബ്രിറ്റി അഭിമുഖങ്ങൾ, രാഷ്ട്രീയ സംവാദങ്ങൾ, വിഷയസംബന്ധിയായ ചർച്ചകൾ എന്നിവയിലൂടെ കിംഗ് ഒരു ഓൺ-എയർ വ്യക്തിത്വം മാത്രമായിരുന്നില്ല. ആക്രമണത്തിന് ഇരയായ സെൻട്രൽ പാർക്ക് ജോഗർ റോസ് പെറോട്ട് ഉൾപ്പടെയുള്ളവരുമായി നടത്തിയ അഭിമുഖങ്ങളും ശ്രദ്ധേയമായിരുന്നു.കിംഗ് ഏകദേശം 50,000 ഓൺ-എയർ അഭിമുഖങ്ങൾ നടത്തി. 1995 ൽ പിഎൽഒ ചെയർമാൻ യാസർ അറഫാത്ത്, ജോർദാൻ രാജാവ് ഹുസൈൻ, ഇസ്രായേൽ പ്രധാനമന്ത്രി യിത്ഷാക് റാബിൻ എന്നിവരുമായി മിഡിൽ ഈസ്റ്റ് സമാധാന ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തു. ദലൈലാമ മുതൽ എലിസബത്ത് ടെയ്‌ലർ വരെ, മിഖായേൽ ഗോർബച്ചേവ് മുതൽ ബരാക് ഒബാമ, ബിൽ ഗേറ്റ്സ് മുതൽ ലേഡി ഗാഗ വരെയുള്ളവരെ അദ്ദേഹം അഭിമുഖം ചെയ്തു.