ഭൂനിയമ ഭേദഗതി പണകൊള്ളക്ക് , മന്ത്രി റോഷി കർഷക വഞ്ചകൻ – കേരള കോൺഗ്രസ്.
നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയതെന്ന കാരണം ചൂണ്ടിക്കാട്ടി ഈ ഭേദഗതി പൂർണ്ണമാണെന്നും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടു കഴിഞ്ഞു എന്നും പ്രചരിപ്പിക്കുന്നത് വസ്തുത വിരുദ്ധമാണ്.
തൊടുപുഴ |കേരള നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതി നിയമം ഇടുക്കി ജില്ലയുടെ മാഗ്നകാർട്ടയാണെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും തികഞ്ഞ കർഷക വഞ്ചനയും ആണെന്ന് കേരള കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയതെന്ന കാരണം ചൂണ്ടിക്കാട്ടി ഈ ഭേദഗതി പൂർണ്ണമാണെന്നും ഇടുക്കി ജില്ലയിലെ ജനങ്ങളുടെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കപ്പെട്ടു കഴിഞ്ഞു എന്നും പ്രചരിപ്പിക്കുന്നത് വസ്തുത വിരുദ്ധമാണ്. നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ എല്ലാ അനധികൃത നിർമ്മാണങ്ങളും ക്രമവൽക്കരിക്കാനും നിലവിൽ പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ സർക്കാരിൻറെ നിബന്ധനകൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രത്യേക സാഹചര്യത്തിൽ നിർമ്മാണ അനുമതി നൽകുന്നതിനുമുള്ള രണ്ട് വ്യവസ്ഥകൾ മാത്രമാണ് ഉള്ളത്. ഈ രണ്ട് വ്യവസ്ഥകളോടും എതിർപ്പില്ലാത്തതിനാലാണ് ഏകകണ്ഠമായി നിയമം പാസാക്കാൻ യുഡിഎഫ് സഹകരിച്ചത്.
എന്നാൽ ഈ വ്യവസ്ഥകൾ കൊണ്ട് മാത്രം ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുകയില്ല എന്നും ഉപാധിരഹിതമായി ഭൂമി സ്വതന്ത്രമായി ഉപയോഗിക്കാനുള്ള പൂർണ്ണ അവകാശം ഉടമകൾക്ക് ലഭിക്കത്തക്ക നിലയിൽ മൂലനിയമത്തിൽ പട്ടയ ഭൂമി കൃഷിക്കും ഭവന നിർമ്മാണത്തിനും മറ്റും മാത്രമേ ഉപയോഗിക്കാനാവൂ എന്ന ചട്ടം റദ്ദ് ചെയ്യണമെന്നും പി ജെ ജോസഫ് എംഎൽഎ നിയമസഭയിൽ ഭേദഗതി അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ ഭേദഗതി അംഗീകരിക്കാൻ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള എൽഡിഎഫ് സർക്കാർ തയ്യാറായില്ല.
പി ജെ ജോസഫ് നിയമസഭയിൽ നടത്തിയ ഭേദഗതി പ്രസംഗം ഇപ്രകാരമാണ്.
1. കേരള ഗവൺമെൻറ് ലാൻഡ് അസൈൻമെൻറ് ആക്ടിന് കീഴിലുള്ള 1964 ലെ ഭൂമി പതിവ് ചട്ടത്തിലും 1993 ലെ ചട്ടത്തിലും പട്ടയ ഭൂമി കൃഷി ആവശ്യത്തിനും വീട് വയ്ക്കുന്നതിനും മാത്രമേ ഉപയോഗിക്കാവൂ എന്ന വ്യവസ്ഥയാണ് യഥാർത്ഥത്തിൽ ഭേദഗതി ചെയ്യേണ്ടിയിരുന്നത്. ഈ ചട്ടങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് ഭൂമി ഉപാധിരഹിതമായും സ്വതന്ത്രമായും ഉപയോഗിക്കാൻ കഴിയാത്തത്.
2. ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള ഭേദഗതി നിയമത്തിലെ 4എ1 വകുപ്പ് പ്രകാരം അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് വിരുദ്ധമായി നടത്തിയ നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ കെട്ടിടങ്ങൾ നിയമപരമാക്കണമെന്ന് സർക്കാർ നയപരമായി തീരുമാനിച്ച പശ്ചാത്തലത്തിൽ ഇത്തരം നിർമ്മാണങ്ങൾ ഉപാധി കൂടാതെ ഈ നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്ത് സ്വമേധയാ ക്രമവൽക്കരിക്കണം.
3. ഇതിനകം പട്ടയം ലഭിച്ചിട്ടുള്ള ഭൂമിയിൽ പുതുതായി നിർമ്മാണം നടത്താൻ അനുവദിക്കുന്നതിന് സർക്കാരിന് അധികാരം നൽകുന്നതാണ് 4എ2 വകുപ്പ്. 1964ലെയും 1993ലെയും ചട്ടങ്ങളിൽ പറയുന്ന ഭൂവിനിയോഗത്തിനുള്ള നിയന്ത്രണം എടുത്ത് കളയാതെ നിർമ്മാണ അനുമതി നൽകാൻ സർക്കാർ ഉദ്യോഗസ്ഥരെ ഏൽപ്പിചിരിക്കുകയാണ്. എന്നാൽ അനുമതി നൽകുന്ന ഉദ്യോഗസ്ഥൻ എന്ത് കൊണ്ടാണ് അനുമതി നൽകുന്നത് എന്ന് ഉത്തരവിൽ രേഖപ്പെടുത്തണമെന്നാണ് ഈ വകുപ്പിൽ പറഞ്ഞിട്ടുള്ളത്. ഈ കാരണത്താൽ ഒരു ഉദ്യോഗസ്ഥനും നിർമ്മാണത്തിന് അനുമതി നൽകാൻ കഴിയാത്ത സ്ഥിതി ഉണ്ടാവും.
4. 2023 ലെ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം നൽകുന്ന പട്ടയത്തിലെ ഭൂമി കൃഷിക്കും വീട് വയ്ക്കാനും മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളൂ. അവർക്ക് ഇപ്പോഴത്തെ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ ഒന്നും ബാധകമല്ല. ഇത് വലിയ അനീതിയാണ്. അവരുടെ ഭൂമിയും നിയന്ത്രണങ്ങൾ നീക്കി സ്വതന്ത്രമായി ഉപയോഗിക്കാൻ അനുവദിക്കണം. എങ്കിൽ മാത്രമേ പ്രശ്നങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയുള്ളൂ.
നിയമസഭയിൽ പ്രതിപക്ഷ നേതാവും മറ്റ് യുഡിഎഫ് നേതാക്കളും ഇതേ നിലപാടാണ് സ്വീകരിച്ചത്. പി ജെ ജോസഫിന്റെ ഭേദഗതി നിർദ്ദേശങ്ങൾ അംഗീകരിക്കാത്തതിന്റെ പേരിൽ ഭൂഉടമകൾക്ക് പട്ടയ വസ്തുവിൽ നിർമ്മാണം നടത്താൻ സ്വാതന്ത്ര്യം ഉണ്ടാവില്ല എന്ന് മാത്രമല്ല പുതിയ പട്ടയങ്ങൾക്ക് നിയമസഭ പാസാക്കിയ ഭേദഗതി നിയമത്തിലെ പുതിയ വ്യവസ്ഥകൾ ഒന്നും ബാധകം ആവുകയുമില്ല. ഇടുക്കി ജില്ലയിൽ മാത്രം 42,653 പട്ടയ അപേക്ഷകൾ തീരുമാനമാകാതെ കിടപ്പുണ്ടെന്ന് റവന്യൂ മന്ത്രി പിജെ ജോസഫിന്റെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഇവർക്ക് ബാധകമല്ലാത്ത നിയമം പാസാക്കിയിട്ട് എല്ലാ പരിഹരിച്ചു എന്ന പ്രസ്താവന നടത്തുന്നത് വഞ്ചനയാണ്.
1993 ലെ ഭൂമി പതിവ് സ്പെഷ്യൽ റൂൾസ് പ്രകാരമാണ് 1-1-1977 ന് മുമ്പുള്ള കുടിയേറ്റ ഭൂമിക്ക് പട്ടയം നൽകിയിട്ടുള്ളത്. 1993 ലെ ചട്ടങ്ങൾക്ക് ഭേദഗതി വരുത്തുന്ന വിഷയം പരിഗണനയിലില്ല എന്ന് പിജെ ജോസഫിന്റെ ചോദ്യത്തിന് ഉത്തരമായി റവന്യൂ മന്ത്രി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ജില്ലയിൽ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളിൽ ബഹുഭൂരിപക്ഷവും 1993 ചട്ടപ്രകാരമാണ് നൽകിയിട്ടുള്ളത് എന്നിരിക്കെ സർക്കാർ ഇപ്പോഴും ഈ നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ജില്ലയിൽ നിർമ്മാണ നിരോധനവും ഗുരുതരമായ പ്രത്യാഘാതങ്ങളും വിളിച്ചുവരുത്തും. നിയമസഭയിലെ ബിൽ ചർച്ചാ വേളയിൽ റവന്യൂ മന്ത്രി 1993 ലെ ചട്ടം ഭേദഗതി ചെയ്യുമോ എന്നത് വ്യക്തത വരുത്തിയില്ല. നിയമം പാസാക്കിയ ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സർക്കാരിൻ്റെ മനസ്സിലിരിപ്പ് വ്യക്തമാക്കിയിട്ടുള്ളതാണ്. നിയമം ലംഘിച്ച് നടത്തിയിട്ടുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുക എന്ന പ്രധാന ഉദ്ദേശ്യം മാത്രമാണ് സർക്കാരിന് ഉള്ളത് എന്നാണ് അദ്ദേഹത്തിൻറെ പ്രസ്താവന വ്യക്തമാക്കുന്നത്. നിയമനിർമാണത്തിന്റെ മഹത്വം പ്രകീർത്തിച്ച് കർഷകരെ ഗതികേടിൽ ആക്കുന്ന അവസ്ഥയിൽ നിന്ന് എൽഡിഎഫും മന്ത്രി റോഷിയും പിന്മാറണം. അമിത ആവേശത്തിൽ നിയമത്തെ പ്രകീർത്തിക്കുന്ന മന്ത്രി റോഷി ഭാവിയിൽ ഉണ്ടാവുന്ന എല്ലാ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ആയിരിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭൂനിയമ ഭേദഗതി പരിപൂർണവും അർത്ഥവത്തും ആക്കുന്ന കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തുന്നത് വരെ കേരള കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും. ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായി പ്രചാരണം നടത്തിവരുന്ന ജില്ലയിലെ സ്വതന്ത്ര കർഷക സംഘടനകളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എൽഡിഎഫ് നയം അപലപനീയമാണ് എന്ന് അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ ഫ്രാൻസിസ് ജോർജ്, ജില്ലാ പ്രസിഡൻറ് പ്രൊഫ: എം ജെ ജേക്കബ്, ഉന്നതാധികാരസമിതി അംഗങ്ങളായ അഡ്വ. ജോസഫ് ജോൺ, അഡ്വ. ജോസി ജേക്കബ് എന്നിവർ പങ്കെടുത്തു.