കുമ്മനം രാജശേഖരനെതിരെ കള്ളക്കേസ് ബിജെപി കരിദിനം ആചരിക്കും

ആറന്മുള സ്വദേശിയിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനം അടക്കം ഒൻപത് പേർക്കെതിരെ കേസ് എടുത്തത്

0

തിരുവനന്തപുരം :കുമ്മനം രാജശേഖരനെതിരെ കള്ളക്കേസ് എടുത്തെന്നാരോപിച്ച് ബിജെപി നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയർത്തി പ്രവർത്തകർ പ്രതിഷേധിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അറിയിച്ചു. സ്വർണക്കടത്തിൽ നാണം കെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പാക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു

ആറന്മുള സ്വദേശിയിൽ നിന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനം അടക്കം ഒൻപത് പേർക്കെതിരെ കേസ് എടുത്തത്. കുമ്മനത്തിന്റെ മുൻ പിഎ ആയിരുന്ന പ്രവീണാണ് കേസിൽ ഒന്നാം പ്രതി. കേസിൽ നാലാം പ്രതിയാണ് കുമ്മനം. പരാതിയിൽ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്. ഐപിസി 406, 420, 34 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.പേപ്പർ കോട്ടൺ മിക്‌സ് നിർമിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനിൽ നിന്ന് പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 30 ലക്ഷത്തിലധികം തുക കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർ നടപടിയും ഉണ്ടായില്ല. ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയതെന്ന് ഹരികൃഷ്ണൻ പറയുന്നു.

You might also like

-