തട്ടിപ്പ് കേസില്‍ കുമ്മനം പ്രതി; ആറന്മുള സ്വദേശിയുടെ 28.75 ലക്ഷം തട്ടിച്ചെന്ന് പരാതി
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബി.ജെ.പി നേതാവ് കുമ്മനം രാജേശേഖരനെതിരെ കേസ്.
ആറന്മുള :സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതി. ആറന്മുള സ്വദേശിയില്‍നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയിലാണ് കേസ്. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് ഒന്നാം പ്രതി. തട്ടിപ്പും വിശ്വാസവഞ്ചനയ്ക്കുമാണ് കേസ്. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണു ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതി. കുമ്മനം അടക്കം 9 പേർ കേസിൽ പ്രതികളാണ്.
പേപ്പർ കോട്ടൺ മിക്സ് നിർമ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനിൽ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 28.75 ലക്ഷം കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയതെന്ന് ഹരികൃഷ്ണൻ പറയുന്നു. കുമ്മനവും പ്രവീണുമടക്കം ഒൻപത് പേരെയാണ് കേസിൽ പ്രതിയായി ചേർത്തിട്ടുള്ളത്. കുമ്മനം മിസോറാം ഗവർണറായിരുന്ന സമയത്താണ് പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. പണം തിരികെ കിട്ടാൻ പലവട്ടം മധ്യസ്ഥത ചർച്ചകൾ നടത്തിയിരുന്നതായും ഹരികൃഷ്ണൻ പറയുന്നത്. മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിൽ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയിൽ പറയുന്നത്.
പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടർനടപടികൾക്കായി ഡിവൈഎസ്പിക്ക് കൈമാറി. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പുനുള്ള വകുപ്പുകൾ ചേർത്ത് കുമ്മനമടക്കം ഒൻപത് പേരെ പ്രതിയാക്കി കേസെടുത്തത്. ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി വിജയൻ, സേവ്യർ, ബിജെപി ആർആർഐ സെൽ കൺവീനർ എൻ.ഹരികുമാർ, വിജയൻ, വിജയൻ്റെ ഭാര്യ കൃഷ്ണവേണി എന്നിവരെയാണ് കേസിൽ പ്രതികളായി ചേർത്തിട്ടുള്ളത്. പ്രവീണിൻ്റെ വിവാഹപരിപാടിയിൽ കുമ്മനം 10000 കൈവായ്പ്പയായി വാങ്ങിയതായും പരാതിയിൽ പറയുന്നു.