കുമാരസ്വാമിക്ക് നാളെ വിശ്വാസ വോട്ടെടുപ്പ്, മന്ത്രിമാരുടെ വകുപ്പുകളില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഇന്ന് ധാരണയിലെത്തിയേക്കും.

0

ബംഗളുരു :കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടും. ഉച്ചക്ക് പന്ത്രണ്ട് മണിക്കാരംഭിക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലായിരിക്കും വിശ്വാസ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും പ്രത്യേക സമ്മേളനത്തില്‍ നടക്കും. മന്ത്രിമാരുടെ വകുപ്പുകളില്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ ഇന്ന് ധാരണയിലെത്തിയേക്കും.

പ്രതിപക്ഷ ഐക്യം വിളംബരം ചെയ്ത് ഇന്നലെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ആദ്യപരീക്ഷണത്തിലേക്ക് കടക്കുകയാണ്. രണ്ടാഴ്ചത്തെ സമയം ഗവര്‍ണര്‍ നല്‍കിയിരുന്നെങ്കിലും അധികാരമേറ്റ് 24 മണിക്കൂറിനുള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് നേരത്തെ കുമാര സ്വാമി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ ഉച്ചക്ക് 12.15ന് പ്രത്യേക സഭ സമ്മേളനം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ 78 അംഗങ്ങളും, ജെഡിഎസിന്‍റെ 37 ഉം രണ്ട് സ്വതന്ത്രരും ഉള്‍പ്പെടേ 117 അംഗങ്ങളുടെ പിന്തുണയാണ് സഖ്യ സര്‍ക്കാരിനുള്ളത്. ഈ പിന്തുണ പൂര്‍ണ്ണമായും നേടി വിജയിക്കുകയെന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി. കുതിരക്കച്ചവടത്തിലൂടെ വിശ്വാസ വോട്ടെടുപ്പ് ജയിക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് ഇരു പാര്‍ട്ടികളും. എങ്കിലും എംഎല്‍എമാരെ തട്ടിയെടുക്കാനുള്ള
ശ്രമങ്ങള്‍ ബിജെപിയില്‍ നിന്ന് ഇനിയും ഉണ്ടായേക്കാമെന്ന കണക്ക് കൂട്ടലില്‍ ഇരു പാര്‍ട്ടികളും എംഎല്‍എമാരെ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പ് വിജയിക്കുന്നതോടെ അടുത്ത ആറ് മാസത്തേക്ക് സര്‍ക്കാരിന് കൂറുമാറ്റം ഭയപ്പെടേണ്ടി വരില്ല. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെര‍ഞ്ഞെടുപ്പും നാളത്തെ സമ്മേളനത്തില്‍ നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിന്‍റെ രമേഷ് കുമാറാണ് സഖ്യത്തിന് വേണ്ടി മത്സരിക്കുക. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസില്‍ നിന്നായിരിക്കും.

കോണ്‍ഗ്രസിനും ജെഡിഎസിനും നല്‍കുന്ന മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം ധാരണയായിരുന്നു. എന്നാല്‍ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ ഇന്ന് ധാരണയിലെത്തിയേക്കും. ഇരുപാര്‍ട്ടികളില്‍ നിന്നും ആരൊക്കെ മന്ത്രിമാരാകും എന്നകാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വിശ്വാസവോട്ടെടുപ്പ് കഴിഞ്ഞേ ഉണ്ടാകൂ.

You might also like

-