‘പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തവും സന്തോഷത്തോടെ ഏറ്റെടുക്കും’: മന്ത്രി കെ.ടി. ജലീല്‍
ചരിത്രത്തില്‍ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിനു മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ജലീല്‍ പറഞ്ഞു
തിരുവനതപുരം :പാര്‍ട്ടി തനിക്ക് എന്ത് ഉത്തരവാദിത്തം തന്നാലും പൂര്‍ണ സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. തദ്ദേശവകുപ്പ് മന്ത്രി എന്ന നിലയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ഇതുവരെ ശ്രമിച്ചിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി തദ്ദേശവകുപ്പിന്റെ പദ്ധതിച്ചെലവ് 90 ശതമാനത്തിനു മുകളിലും നികുതിപിരിവ് 70 ശതമാനത്തിനും മുകളിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ജലീല്‍ പറഞ്ഞു.
ബന്ധുനിയമന വിവാദത്തില്‍ വിജിലന്‍സ് കുറ്റവിമുക്തനാക്കിയ ഇ.പി ജയരാജന് വ്യവസായം, കായികം, യുവജനക്ഷേമ വകുപ്പുകളുടെ ചുമതല നല്‍കിയതിന് പുറമെ മന്ത്രിസഭാ അഴിച്ച് പണിതിരുന്നു. ഇപ്പോള്‍ വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന എ.സി മൊയതീന് തദ്ദേശസ്വയംഭരണവകുപ്പ് നല്‍കും. നിലവില്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി ജലീലിന് ന്യൂനപക്ഷ ക്ഷേമം വകുപ്പിന് പുറമേ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതലയുമുണ്ടാകും. പൊതുവിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസം പ്രത്യേക മന്ത്രിക്ക് കീഴിലാക്കുന്നതെന്നുമാണ് സിപിഎം നല്‍കിയ വിശദീകരണം