ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‍യു

"ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി

0

പെരുമ്പാവൂർ | പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‍യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു ഷൂ എറിഞ്ഞുള്ള പ്രതിഷേധം. പ്രതിഷേധിച്ച നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യോഗവേദിക്ക് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവ‍ത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ചു. ഏറിലേക്ക് പോയാൽ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മറുപടി നൽകി.കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു.

പെരുമ്പാവൂർ പട്ടണത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധം തുടങ്ങിയത്. വാഹന വ്യൂഹത്തിന് നേർക്ക് കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം. ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകർ ഡിവൈഎഫ്ഐക്കാർ തടഞ്ഞു. പിന്നെ മ‍ർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു പതാകകൾ ഡിവൈഎഫ്ഐക്കാർ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേർക്ക് ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലത്തെ പ്രസംഗത്തിന്‍റെ തുടക്കത്തിൽത്തന്നെ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി.

“ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കും, അപ്പോൾ വല്ലാതെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.യുഡിഎഫ്‌ എന്തിനാണീ പരിപാടി ബഹിഷ്കരിച്ചതെന്ന് അവർക്ക് തന്നെ അറിയില്ല. നവകേരളത്തിന്റെ ഏത് ഭാഗത്തോടാണ് അവർക്ക് യോജിക്കാൻ കഴിയാത്തത്? നാട് നന്നാകണമെന്ന് എല്ലാവരും ആഗ്രഹിക്കും. അത് വേണ്ടെന്നാണ് ഒരു കൂട്ടരുടെ ആഗ്രഹം. ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളെ തുറന്നു കാട്ടാൻ കോൺഗ്രസിന് കഴിഞ്ഞോ? കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്രനയത്തോട് യുഡിഎഫ് മാനസികമായി യോജിച്ചു പോകുന്നു. നവകേരള സദസ് ബഹിഷ്കരിച്ചവർ 2021 ന് ശേഷം ബഹിഷ്കരിക്കാത്ത എന്ത് പരിപാടിയുണ്ട് “_ മുഖ്യമന്ത്രി ചോദിച്ചു.

പൊലീസ് നരനായാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെഎസ്‌യു നീങ്ങുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

You might also like

-