സഭാതർക്കം കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം കലക്ടർക്ക്

പള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്

0

കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം കലക്ടർക്ക്. പള്ളി കലക്ടര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ക്രമസമാധാനം ഉറപ്പാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിപ്പിക്കുന്നത് യാക്കോബായക്കാര്‍ തടഞ്ഞിരുന്നു. ഇതിനെതിരെ ഓര്‍ത്തഡോക്സ് വിഭാഗം നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

അതേസയം പള്ളിത്തർക്കത്തിൽ മദ്ധ്യസ്ഥ ശ്രമത്തിന് സന്നദ്ധത അറിയിച്ച് മറ്റ് ക്രൈസ്തവ സഭ മേലധ്യക്ഷൻമാർ. ക്രിസ്തീയമായ രീതിയിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ പ്രശ്ന പരിഹാരത്തിന് മദ്ധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് അറിയിച്ച് ഓർത്തഡോക്സ്, യാക്കോബായ സഭ മേലധ്യക്ഷന്മാർക്ക് കത്തയച്ചു. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന രൂക്ഷമായ തർക്കങ്ങൾക്ക് പരിഹാരം കാണാൻ അനുരഞ്ജന സംഭാഷങ്ങൾക്ക് നേതൃത്വം നൽകാൻ തയാറാണെന്ന് കാണിച്ചാണ് ഇതര മതമേലധ്യക്ഷൻമാർ കത്തയച്ചത്.

കെ.സി.ബി.സി പ്രസിഡന്‍റ് ആർച്ച് ബിഷപ്പ് സുസൈപാക്യം, സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി എന്നിവർക്കൊപ്പം മലങ്കര മാർത്തോമ സുറിയാനി സഭ അധ്യക്ഷൻ, മലങ്കര സുറിയാനി കത്തോലിക്കസഭ അധ്യക്ഷൻ, സി.എസ്.ഐ സഭ മേധാവി എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. നിലവിലുള്ള സാഹചര്യങ്ങളെ അതിജീവിക്കാനും രമ്യമായ പരിഹാരം കാണാനും ഇരു സഭകൾക്കും കഴിയണം.

സിവിൽ നിയമങ്ങൾക്ക് വിധേയമായതും ഇരുകൂട്ടർക്കും സ്വീകാര്യമായതുമായ പരിഹാരമാണ് ഉണ്ടാവേണ്ടത്. പള്ളികളിൽ പ്രവേശിക്കുന്നതും ശവസംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന പ്രതിസന്ധി വേദനയുളവാക്കുന്നതാണെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ ഏത് തരത്തിലുള്ള ആലോചനയും സഹായവും ക്രൈസ്തവ മേലധ്യക്ഷൻമാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. മധ്യസ്ഥശ്രമത്തോട് ഓർത്തഡോക്സ് – യാക്കോബായ സഭ അധ്യക്ഷൻമാർ പ്രതികരിച്ചിട്ടില്ല.

You might also like

-