കോതമംഗലം കൊലപാതകം ,രഖിലിന്റെ ബിസിനസ്‌ പങ്കാളിആദിത്യനെ അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായി സൂചന

രഖിലിന് തോക്ക് ലഭിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് ചോദ്യംചെയ്യലിന്‍റെ ലക്ഷ്യം.

0

കണ്ണൂർ :കോതമംഗലത്ത് കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. അതിനിടെ രഖിലിന്റെ സുഹൃത്തും ബിസിനസ്‌ പങ്കാളിയുമായ ആദിത്യനെ കൂടുതൽ ചോദ്യംചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. രഖിലിന് തോക്ക് ലഭിച്ചതെവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് ചോദ്യംചെയ്യലിന്‍റെ ലക്ഷ്യം. ഇന്നലെ ആദിത്യൻ അടക്കം രഖിലിന്റെ നാല് സുഹൃത്തുക്കളെ കോതമംഗലത്ത് നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തിരുന്നു. തുടർന്ന് ആദിത്യന്‍റെ ഫോൺ പൊലീസ് വിശദമായ പരിശോധനക്ക് വിധേയമാക്കി. രഖിലിന് തോക്ക് വാങ്ങി നൽകാൻ ആദിത്യൻ സഹായിച്ചിട്ടുണ്ടന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മാനസ വെടിയേറ്റ് മരിച്ച സംഭവത്തിൽ സഹപാഠികളായ കൂടുതൽ കുട്ടികളുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കൊലപാതകത്തിന് ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം സംബന്ധിച്ച അന്വേഷണവും ഇതോടൊപ്പം തുടരുകയാണ്. കൊലപാതകത്തിനു മുൻപ് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. രഖിൽ നടത്തിയ ബീഹാർ യാത്രയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ് കസ്റ്റഡിയിൽ എടുത്ത തോക്ക് ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്. കൊലപാതകത്തിനായി ഉപയോഗിച്ച തോക്ക് രഖില്‍ വാങ്ങിയത് ബിഹാറിൽ നിന്നാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന.
ജുലൈ 12 ന് സുഹൃത്തിനൊപ്പം എറണാകുളത്ത് നിന്ന് ബിഹാറിലേക്ക് രഖിൽ പോയതിൻ്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇന്റർനെറ്റില്‍ നിന്നാണ് തോക്ക് ബിഹാറിൽ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്. ബിഹാറിലെത്തിയ രഖിൽ നാലിടങ്ങളിലായി എട്ടുദിവസം ഇവിടെ തങ്ങുകയുമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കായി കൊണ്ടുവരാനാണ് ബിഹാറിലേക്ക് പോകുന്നതെന്നായിരുന്നു നാട്ടിലറിയിച്ചിരുന്നത്. മാനസയുടെ കുടുംബം നൽകിയ പരാതിയിൽ ജൂലൈ 7 ന് പൊലീസ് വിളിപ്പിച്ചതിന് പിന്നാലെയായിരുന്നു ബിഹാർ യാത്ര. കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണ്. 7.62 എംഎം പിസ്റ്റളിൽ നിന്നും ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയും. മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു.സംസ്കാര ചടങ്ങുകൾക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴിയും പൊലീസ് വിശദമായി രേഖപ്പെടുത്തും.

അതേസമയം പുലർച്ചയോടെ കൊല്ലപ്പെട്ട മാനസയുടെയും ആത്മഹത്യ ചെയ്ത രഖിലിന്റെയും മൃതദേഹങ്ങൾ സ്വദേശമായ കണ്ണൂരിൽ എത്തിച്ചു. കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം രാവിലെ എട്ടു മണിയോടെ കണ്ണൂർ നാറാത്തെ വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം പത്തു മണിയോടെ പയ്യമ്പലം പൊതുശ്‌മശാനത്തിൽ സംസ്കരിക്കും.മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള പ്രമുഖർ അന്തിമോപചാരം അർപ്പിക്കാൻ എത്തും. ഒമ്പതുമണിക്ക് പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും. പിണറായി വൈദ്യുത ശ്മശാനത്തിലാണ് രഖിലിന്റെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിട്ടുള്ളത്.

-

You might also like

-