കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ,സമഗ്ര അന്വേഷണം വേണം.സി.പി.ഐ (എം)

എൽ.ഡി. എഫ് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് സ്റ്റേഡിയത്തിനായി വാങ്ങിയ രണ്ട്‌ ഏക്കർ സ്ഥലവും സ്വകാര്യ വ്യക്തികളുടെ സ്ഥലവും ചേർന്നതായിരുന്നു മൂന്നര ഏക്കറോളം വരുന്ന പദ്ധതി പ്രദേശം. എന്നാൽ സ്റ്റേഡിയത്തിനായി മുൻ ഭരണ സമതി വാങ്ങിയ വസ്തുവൊഴികെ ബാക്കിയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കൽ പ്രഹസനമായി മാറി

0

കോന്നി: കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട്‌ നിലവിൽ ഉയരുന്ന ആക്ഷേപങ്ങളിൽ വിജിലൻസ്‌ അന്വേഷണം വേണമെന്ന് സിപിഐ എം പഞ്ചായത്ത്‌ കമ്മറ്റി ആവശ്യപ്പെട്ടു. അടൂർ പ്രകാശ് മന്ത്രിയായി ഇരിക്കവെയാണ് കെ.എസ്.ആർ. ടി.സി കോന്നി ഡിപ്പോ എന്ന ആശയം ഉയർന്നു വരുന്നത്. ഇതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാൻ അന്നത്തെ യു.ഡി.എഫ് നേതൃത്വത്തിലുള്ള കോന്നി ഗ്രാമപഞ്ചായത് ഭരണസമിതിയെ ചുമതലപ്പെടുത്തി.ഇതേത്തുടർന്ന് നാരായണപുരം മാർക്കറ്റിന് സമീപത്തായി 3 ഏക്കർ 41.35 സെന്റ് സ്ഥലം കണ്ടെത്തി. എൽ.ഡി. എഫ് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് സ്റ്റേഡിയത്തിനായി വാങ്ങിയ രണ്ട്‌ ഏക്കർ സ്ഥലവും സ്വകാര്യ വ്യക്തികളുടെ സ്ഥലവും ചേർന്നതായിരുന്നു മൂന്നര ഏക്കറോളം വരുന്ന പദ്ധതി പ്രദേശം. എന്നാൽ സ്റ്റേഡിയത്തിനായി മുൻ ഭരണ സമതി വാങ്ങിയ വസ്തുവൊഴികെ ബാക്കിയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കൽ പ്രഹസനമായി മാറി.വെറും 41 സെന്റോളം സ്ഥലം മാത്രമാണ് പിന്നീട് ഏറ്റെടുത്തത്. ഏറ്റെടുത്തതാകട്ടെ കോന്നി വില്ലേജ്‌ ഓഫീസർ നിശ്ചയിച്ച വിലയേക്കാൾ 30% അധിക വിലക്ക്‌. ലക്ഷകണക്കിന്‌ രൂപയാണ്‌ പഞ്ചായത്തിന്‌ ഇതിലൂടെ നഷടമായത്‌. ഇതുസംബന്ധിച്ച് ശക്തമായ പ്രതിഷേധമാണ് അന്ന് ഉയർന്നുവന്നിരുന്നു.
എന്നാൽ ഇതെല്ലാം മറച്ചു വച്ച് പിന്നീട് നടത്തിയത് വ്യാപകമായ നിലം നികത്തലാണ്.സ്റ്റേഡിയത്തിനായി വാങ്ങിയ 2 ഏക്കറും പിന്നീട്‌ വാങ്ങിയ 41 സെന്റ്‌ സ്ഥലവും പഞ്ചായത്തിന്റെ പേരിൽ ഉള്ളപ്പോഴാണ് സ്വകാര്യ വ്യക്തികളുടെ പേരിലുള്ള ഏക്കർ കണക്കിന് നിലം പഞ്ചായത്ത് ചിലവിൽ നികത്തി നൽകിയത്.
നിലം നികത്തിയതിനു തൊട്ടു പിന്നാലെ പഞ്ചായത്ത് ഏറ്റെടുക്കുക പോലും ചെയ്യാത്ത സ്ഥലം കെ.എസ്.ആർ.ടി.സിയ്ക്ക് കൈമാറിയതായി പ്രചരിപ്പിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ കെ.എസ്.ആർ. ടി സിയ്ക്ക് ഇല്ലാത്ത ഭൂമിയിൽ ഡിപ്പോ നിർമാണത്തിനായി മുൻ എം.എൽ.എ യുടെ ഫണ്ടിൽ നിന്നും 3 കോടി രൂപ അനുവദിക്കുകയും ചെയ്തു. കൊട്ടിഘോഷിച്ചു ലക്ഷങ്ങൾ മുടക്കി ആരംഭിച്ച നിർമാണ പ്രവർത്തനം വലിയ തട്ടിപ്പിനുള്ള വേദിയായിരുന്നു എന്നാണ് ഇപ്പോൾ ബോധ്യപ്പെടുന്നത്. ഡിപ്പോയ്ക്കായി കോടികൾ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ പകുതി ഭാഗം ഇരിയ്ക്കുന്നത് സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ്.

നിലം നികത്തിയപ്പോഴും കെട്ടിട നിർമാണം ആരംഭിച്ചപ്പോഴും കോടതിയെ സമീപിക്കാതിരുന്ന സ്ഥലമുടമ ഏറെ വൈകി കോടതിയിലേക്ക് പോയതിന് പിന്നിലും ദുരൂഹതകൾ ഏറെയാണ്.ഇപ്പോൾ പഞ്ചായത്ത് ഭരണ സമതി പറയുന്നത് സ്വകാര്യ വ്യക്തി ഭൂമി വിട്ടു നൽകാതെ കേസിനു പോയതാണ് തടസ്സമെന്നാണ്. എന്നാൽ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഏക്കറു കണക്കിന് ഭൂമി പഞ്ചായത്തിന്റെ ചിലവിൽ മണ്ണിട്ട് നികത്തുകയുംകോടിക്കണക്കിന്‌ രൂപ ചിലവഴിച്ച്‌ അതിൽ കെട്ടിടം പണിയുകയും ചെയ്തത്‌ എന്തിനെന്ന ചോദ്യത്തിന് ആർക്കും ക്യത്യമായ മറുപടിയില്ല. വികസന പ്രവർ ത്തനത്തിനായി പഞ്ചായത്ത്‌ മാർക്ക്‌ ചെയ്ത സ്ഥലം എന്തുകൊണ്ട്‌ അക്യുസിഷൻ നടപടികളിലൂടെ ഏറ്റെടുത്തില്ല എന്ന ചോദ്യവും പ്രസക്തമാണ്‌,
ഒരു രൂപ മുടക്കില്ലാതെ പഞ്ചായത്ത് ചിലവിൽ മണ്ണിട്ടുനികത്തി കിട്ടിയ ഭൂമിയ്ക്ക് കോടികളാണ് ഇപ്പോൾ സ്വകാര്യ വ്യക്തി പഞ്ചായത്തിനോട്‌ ആവശ്യപ്പെടുന്നത്. ഇതിനകം കോടികൾ ചിലവഴിച്ചു കഴിഞ്ഞ് പദ്ധതി ഉപേക്ഷിക്കില്ല എന്ന് വ്യക്തമായ ധാരണയുടെയും അഥവാ പദ്ധതി ഉപേക്ഷിച്ചാൽ തന്നെ നികത്തി കിട്ടിയ ഭൂമിയ്ക്ക് പഴയതിനെ അപേക്ഷിച്ച് കോടികൾ വിലവരും എന്നതുമാണ് സ്വകാര്യവ്യക്തിയുടെ നിലപാടിന് ആധാരം.

സ്ഥലം ഏറ്റെടുക്കും മുൻപ് മണ്ണിട്ടുനികത്തി കെട്ടിട നിർമ്മാണ മടക്കം ആരംഭിച്ച പഞ്ചായത്ത് ഭരണസമിതിയുടെ നീക്കങ്ങൾ സംശയാസ്പദമാണ്.ഡിപ്പോ നിർമാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി അഡ്വ.കെ.യു ജെനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് പഞ്ചായത്തിന്റെ ഈ വിഷയത്തിലുള്ള പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടത്. ഈ
സാഹചര്യത്തിൽ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിജിലൻസ്‌ അന്വേഷണം വേണമെന്ന് സിപിഐ എംപഞ്ചായത്ത്‌ കമ്മറ്റി ആവിശ്വപ്പെട്ടു. യോഗത്തിൽ ഏരിയാ ആക്റ്റിംഗ്‌ സെക്രട്ടറി ശ്യാം ലാൽ, എം എസ്‌ ഗോപിനാഥൻ, ജിജോ മോഡി, റ്റി രാജേഷ്‌ കുമാർ, തുളസീ മണിയമ്മ, കെ ജി ഉദയകുമാർ എന്നിവർ സംസാരിച്ചു. ഈ വിഷയം അടക്കം ഉയർത്തിക്കാട്ടി 28ന് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.

You might also like

-