ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ് കോടിയേരി

കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തല. ആര്‍.എസ്.എസുകാരേക്കാള്‍ അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി പരിഹസിക്കുന്നു

0

ചെന്നിത്തലക്ക് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം: സി പി എം നെതിരെ ആർ.എസ്.എസ് ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസിന്റെ സര്‍സംഘചാലകാണ് ചെന്നിത്തല. ആര്‍.എസ്.എസുകാരേക്കാള്‍ അവരുടെ കുപ്പായം ഇന്ന് കേരളത്തില്‍ അണിയുന്നത് ചെന്നിത്തലയാണെന്നും കോടിയേരി പരിഹസിക്കുന്നു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെതിരെ കോടിയേരിയുടെ വിമര്‍ശനം.

“ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ് കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.” ലേഖനത്തിൽ കോടിയേരി പറയുന്നു.ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തല എന്നതാണ്. ഈ പ്രക്രിയയിൽ ആപാദചൂഡം വ്യാപൃതനായതുകൊണ്ടാണ് അയോധ്യയിലെ രാമക്ഷേത്രംപോലുള്ള വിഷയങ്ങളിൽ യുഡിഎഫ് മൗനംപാലിക്കുന്നതെന്നും കോടിയേരി ആരോപിക്കുന്നു.

രാമക്ഷേത്ര നിര്‍മാണം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കുന്ന ലേഖനത്തിലാണ് പ്രതിപക്ഷ നേതാവിനെ ആര്‍എസ്എസുകാരനാക്കി കോടിയേരി രംഗത്ത് വന്നിരിക്കുന്നത്.ശ്രീരാമന്റെ നിറം കാവിയല്ലെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ രാമനെ കാവിയില്‍ മുക്കി ഹിന്ദുത്വകാര്‍ഡാക്കി കോവിഡ് മഹാമാരിയുടെ കാലത്തും കളിക്കാന്‍ പ്രധാനമന്ത്രിയും സംഘപരിവാറും ജേഴ്‌സി അണിഞ്ഞിരിക്കുകയാണെന്നു കോടിയേരി ആരോപിക്കുന്നു.

അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി’യെ ‘താമര’യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നതെന്നും കോടിയേരി പറയുന്നു.

You might also like

-